പാലക്കാട്: ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതുപോലെ തകരും. ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിലാണ്. സംസ്ഥാനം ഗുരുതരമായ പ്രശ്നം നേരിടുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ശരിയായില്ലെന്നും അദ്ദേഹം പാലക്കാട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതിനോട് ആരും എതിരല്ല. എന്നാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയ ശേഷമായിരുന്നു പോകേണ്ടിയിരുന്നത്. മന്ത്രി വീണാ ജോർജിന്റെ രാജിയെങ്കിലും എഴുതി വാങ്ങണമായിരുന്നു. കോട്ടയം സംഭവത്തിന്റെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്ക് മാത്രമാണ്. ആരോഗ്യ വകുപ്പ് ഗുരുതരമായ കുറ്റവും അനാസ്ഥയും ആണ് കാണിക്കുന്നത്. സംസ്ഥാനം ഗുരുതരമായ പ്രശ്നം നേരിടുമ്പോൾ പാർട്ടി സെക്രട്ടറി നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. കെട്ടിടം തകർന്നതിന്റെ ഉത്തരവാദിത്വത്തിൽ മന്ത്രിക്ക് സാധാരണ ജനങ്ങളുടെ ഉത്തരവാദിത്വം മാത്രമേയുള്ളൂവെന്നാണ് സെക്രട്ടറി പറഞ്ഞത്. മെഡിക്കൽ കോളേജിൽ രണ്ട് മന്ത്രിമാർ സന്ദർശിക്കുന്ന വേളയിലാണ് പഴയ കെട്ടിടം പൊളിഞ്ഞുവീണത്. അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം ആർക്കും പരിക്കില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ഒരു ജീവൻ പിടയുമ്പോഴായിരുന്നു ഈ പരാമർശം.
ആരോഗ്യമേഖലയിൽ നടക്കുന്ന അഴിമതിയാണ് സർവീസിലിരിക്കുന്ന ഒരു ഡോക്ടർ ചൂണ്ടിക്കാണിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ളവയിൽ മതിയായ ഉപകരണങ്ങളോ, ജീവനക്കാരോയില്ല. കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്ന് പറയുന്ന ആരോഗ്യമേഖല കഴിഞ്ഞ പത്തുവർഷക്കാലമായി തകർന്നു തരിപ്പണമാണ്. കേരളത്തിൽ നിന്നും വിട്ടുമാറിപ്പോയ പല രോഗങ്ങളും തിരിച്ചുവന്നു. ആരോഗ്യ മേഖലയുടെ പിടിപ്പുകേടാണ് ഇത് കാണിക്കുന്നത്. സംവിധാനങ്ങളുടെ പോരായ്മയാണ് ദുരന്തങ്ങൾക്ക് കാരണമെന്ന മന്ത്രിയുടെ പ്രസ്താവന തന്റെ ഉത്തരവാദിത്വത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |