തൃശൂർ: മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ പെർഫ്യുഷനിസ്റ്റിന് കാര്യക്ഷമതയില്ലെന്ന് വകുപ്പ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘം പരിശോധന ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം തലവൻ ഡോ.രാജേഷ്, ആലപ്പുഴ മെഡിക്കൽ കോളേജിലെ പെർഫ്യുഷനിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ മെഡിക്കൽ കോളേജിലെത്തി പരിശോധന ആരംഭിച്ചത്. ഇന്നും പരിശോധന തുടരും. ഹൃദയം തുറന്ന ശസ്ത്രക്രിയ നടത്തുമ്പോൾ പെർഫ്യുഷനിസ്റ്റിന്റെ പ്രവർത്തനം നിർണായകമായതിനാൽ നിലവിലുള്ള രണ്ട് പേർക്കും എത്ര മാത്രം കാര്യക്ഷമതയുണ്ടെന്നാണ് സംഘം പരിശോധിക്കുന്നത്. ഓരോഘട്ടത്തിലും പെർഫ്യുഷനിസ്റ്റ് നടത്തേണ്ട പ്രവർത്തനത്തെ കുറിച്ച് അവരിൽ നിന്ന് സംഘം ചോദിച്ചറിഞ്ഞു. അടുത്തിടെ നടത്തിയ ശസ്ത്രക്രിയകളിൽ ഒരാൾ മണിക്കൂറുകൾക്കുള്ളിലും മറ്റൊരാൾ രണ്ട് ദിവസത്തിന് ശേഷവും മരിച്ചത് പെർഫ്യുഷനിസ്റ്റിന്റെ പരിചയ കുറവാണെന്ന് വകുപ്പ് മേധാവി പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകിയിരുന്നു.
രോഗികളുടെ ജീവൻ പണയം വച്ച് ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്‌സ്ത്രക്രിയ നിറുത്തി വച്ചത്. പ്രധാനമായും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്ന് നൂറുക്കണക്കിന് രോഗികൾ എത്തുന്ന ഈ വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.
മറ്റ് സ്റ്റാഫുകളുടെ എണ്ണത്തിലും നിലവിൽ വലിയ കുറവാണ്. 26 പേർ വേണ്ട സ്ഥാനത്ത് 11 പേർ മാത്രമാണുള്ളത്.
റിപ്പോർട്ട് ഡി.എം.ഇക്ക് സമർപ്പിക്കും
വിദഗ്ധ സംഘം രണ്ട് ദിവസമായി നടത്തുന്ന പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കും. ശേഷമാണ് തുടർനടപടികൾ. നിലവിൽ രണ്ടാഴ്ച്ചയായി ഹൃദയം തുറന്ന ശസ്ത്രക്രിയ നിറുത്തിവച്ചിരിക്കുകയാണ്. അമ്പതിലേറെ പേർക്ക് ശസ്ത്രക്രിയക്ക് ദിവസം നിശ്ചയിച്ച് നൽകിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച് നടപടികളാൻ ഇനിയും ദിവസങ്ങളെടുത്തേക്കാം.
പെർഫ്യുഷനിസ്റ്റിന്റെ പ്രവർത്തനം
തുറന്ന ശസ്ത്രക്രിയ നടത്തുമ്പോൾ രോഗിയുടെ ജീവൻ നിലനിറുത്തുന്നത് ഹാർട്ട് ലങ് മെഷീൻ വഴിയാണ്. ശസ്ത്രക്രിയ നടത്തുന്ന സമയം മുഴുവൻ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഏറ്റെടുക്കുന്ന ഈ യന്ത്രം നിയന്ത്രിക്കുന്ന ചുമതലയാണ് പെർഫ്യുഷനിസ്റ്റിന്റേത്. സങ്കീർണമായ കുഴലുകൾ അടങ്ങിയ യന്ത്രം വഴി രക്തത്തിൽ വായു കടക്കാതെ നോക്കുക, രക്തസമ്മർദ്ദം കൃത്യമാക്കുക തുടങ്ങിയ ചുമതലകളും പെർഫ്യുഷനിസ്റ്റ് നിറവേറ്റണം.
വിദ്ഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കൊടുത്താൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ
(ഡോ.ആശോകൻ, പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |