മാനന്തവാടി: പട്ടികജാതി, പട്ടികവർഗ്ഗ സഹകരണ സംഘങ്ങളിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പട്ടികവർഗ്ഗ സഹകരണ സംഘമായി തിരുനെല്ലി പട്ടികവർഗ്ഗ സഹകരണ സംഘത്തെ തിരഞ്ഞെടുത്തു. ചെറുകിട വനവിഭവ ശേഖരണവും വിപണനവുമാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനം. വനത്തിൽ നിന്നും ശേഖരിക്കുന്ന വിവിധ തേനുകൾ, കുറുന്തോട്ടി, ചുവേര്, കൽപ്പാശം, തേൻമെഴുക്, കുന്തിരിക്കം, അത്തിത്തിപ്പല്ലി തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കുകയും സംസ്‌ക്കരിച്ച് വിപണനം നടത്തുകയുമാണ് രീതി. സ്വന്തമായ 25 സെന്റ് സ്ഥലത്താണ് സംഘത്തിന്റെ പ്രവർത്തനം. 1975 ലാണ് ഈ സംഘം രൂപീകരിച്ചത്. 1554 പട്ടിക വർഗ്ഗ അംഗങ്ങളാണുള്ളത്. അതിൽ 385 പേർ സ്ത്രീകളാണ്. തിരുനെല്ലി ഹണി എന്ന ബ്രാൻഡ് നെയിമുള്ള തേനിന് ആവശ്യക്കാരേറെയാണ്. ഇവർക്ക് സ്വന്തമായി തേൻ പ്രോസസിംഗ് യൂണിറ്റും വനവിഭങ്ങളുടെ വിൽപ്പനക്കായി കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. കേരളീയം പരിപാടിയിൽ ആദിവാസി ഭക്ഷണം പരിചയപ്പെടുത്തുന്ന ഒരു ഭക്ഷണസ്റ്റാളും പ്രവർത്തിച്ചിരുന്നു. എൻ. വിജയനാണ് നിലവിൽ സംഘത്തിന്റെ പ്രസിഡന്റ്. തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങളുടെ വിൽപ്പനക്കായി കൂടുതൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കാനും നൂതന സങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വനവിഭവങ്ങൾ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമവും സംഘം നടപ്പിലാക്കുന്നുണ്ട്.
സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പട്ടികവർഗ്ഗ സഹകരണ സംഘമായി തിരഞ്ഞെടുത്ത തിരുനെല്ലി പട്ടികവർഗ്ഗ സഹകരണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |