വിറക് നനഞ്ഞ് സംസ്കാരം പൂർത്തിയാകാൻ വൈകുന്നുവെന്ന് പ്രതിപക്ഷം
കണ്ണൂർ : പയ്യാമ്പലത്ത് ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ നീളുന്നതായി ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആരോപണം.മൃതദേഹം ദഹിപ്പിക്കാനുള്ള വിറക് നനയുന്നതിനാൽ സംസ്കാരം പൂർത്തിയാകാൻ ഏറെ കാലതാമസം വേണ്ടിവരുന്നുവെന്നായിരുന്നു പ്രതിപക്ഷ കൗൺസിലർ ടി.രവീന്ദ്രൻ കൗൺസിലിന്റെ ശ്രദ്ധയിലെത്തിച്ചത്.
നനഞ്ഞതും പച്ചയുമായ വിറകുപയോഗിച്ചാണ് സംസ്‌കാരം നടത്തുന്നത്. താത്ക്കാലികമായി വിറകുകൾ സൂക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നും ഇദ്ദേഹമടക്കമുള്ള പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പയ്യാമ്പലത്തേക്ക് ധാരാളമായി മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നും അതിനാൽ സംസ്‌കാരത്തിനായി ആളുകൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നെന്നുമായിരുന്നു ഡെപ്യൂട്ടി മേയർ പി.ഇന്ദിര ഇതിന് മറുപടിയായി പറഞ്ഞത്. ഇതിന് പരിഹാരമായി മഴക്കാലത്തെങ്കിലും കോർപ്പറേഷൻ പുറത്ത് നിന്നുമുള്ള മൃതദേഹം സംസ്‌കരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഡെപ്യുട്ടി മേയർ നിർദേശിച്ചു.എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും സ്വന്തം പരിധിയിൽ ശമ്ശാനം ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അവർ നിർദ്ദേശിച്ചു. എന്നാൽ ഈ നിർദ്ദേശത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചു.
അതെസമയം നിലവിൽ പയ്യമ്പലത്ത് വിവിധ പദ്ധതികൾ നടത്താനുള്ള തയാറെടുപ്പിലാണെന്ന് കോർപ്പറേഷൻ സെക്രട്ടറി സി.കുഞ്ഞപ്പൻ കൗൺസിലിനെ അറിയിച്ചു. നിലവിലെ വിറക് ശ്മാശനം മോഡിഫിക്കേഷൻ നടത്താനും മറ്റ് നിർമ്മാണങ്ങൾ നടത്താനും തീരദേശപരിപാലനനിയമം വഴിയുള്ള അനുമതി ആവശ്യമാണ്. ഇത് ഉടൻ ലഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു. കൗൺസിലർമാരായ വി.കെ. ഷൈജു, കെ.പി. അബ്ദുൽ റസാഖ്, ടി.ഒ. മോഹനൻ, പി.കെ. അൻവർ, കെ.എം .സാബിറ, കെ. പ്രദീപൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
തെരുവുനായ പ്രശ്നത്തിൽ കുറ്റപ്പെടുത്തൽ
നഗരത്തിന് തലവേദനയായ തെരുവുനായവിഷയത്തിൽ പ്രതിപക്ഷം രൂക്ഷവിമർശനം നടത്തി. പ്രശ്‌നം പരിഹരിക്കാൻ കൗൺസിൽ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പ്രായോഗികമാക്കാൻ ശ്രമിക്കുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ.കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ വിഷയം ഉയർന്നുവന്നു.
തെരുവുനായ ഷെൽട്ടർ പൂർത്തിയായി
കോർപറേഷൻ പരിധിയിൽ മാളികപ്പറമ്പിൽ 20 കൂടുകളുള്ള ഷെൽട്ടറിന്റെ പണി പൂർത്തിയായതായി സെക്രട്ടറി സി. കുഞ്ഞപ്പൻ കൗൺസിലിനെ അറിയിച്ചു. ഇവിടെ വൈദ്യുതി കണക്ഷൻ ലഭിച്ചാലുടൻ അടുത്ത നടപടികളിലേക്ക് കടക്കും. നിലവിൽ മൂന്നാഴ്ചക്കുള്ളിൽ 55 ഓളം പട്ടികളെ പിടികൂടി പടിയൂരിലെ എ.ബി.സി കേന്ദ്രത്തിൽ എത്തിച്ചതായും സെക്രട്ടറി പറഞ്ഞു. കന്റോൺമെന്റ് പരിധിയിൽ തയാറാക്കിയ ഷെൽട്ടറിലും തെരുവുനായകളെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ വിഷയത്തിൽ നിയമവിധേയമായി ചെയ്യാൻ കഴിയുന്നതെല്ലാം കോർപറേഷൻ ചെയ്യുന്നുണ്ട്.താൽക്കാലിക ഷെൽട്ടർ പ്രവർത്തിച്ചുതുടങ്ങുന്ന മുറക്ക് നഗരത്തിന്റെ തലവേദനയായ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും
മുസ്‌ലിഹ് മഠത്തിൽ,മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |