ആലപ്പുഴ: ആയുസ് തീർന്ന ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടം പഴയ നഗരസഭാ മന്ദിരത്തിലേക്ക് മാറ്റാനുള്ള തീരുമാനം ഇനിയും വൈകിക്കരുതെന്ന് നാട്ടുകാർ. പല ഭാഗങ്ങളും അടർന്നു വീണുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തിൽ ഭയപ്പാടോടെ കഴിയേണ്ട സാഹചര്യമാണെന്ന് രോഗികളും പറയുന്നു.
പുരുഷന്മാരുടെ ടോയ്ലറ്റിൽ ആൽമരം വളർന്നു ഭിത്തി തുളച്ച് അകത്തു കയറി. സെപ്റ്റിക്ക് ടാങ്ക് ചോരുന്നതടക്കമുള്ള പ്രശ്നങ്ങൾ കാരണം അമ്പത് ബെഡ് സൗകര്യമുള്ള ആശുപത്രിയിൽ പരമാവധി 30 - 35 രോഗികൾക്കാണ് പ്രവേശനം നൽകുന്നത്. സേവനങ്ങളിൽ പൂർണ്ണ സംതൃപ്തരാണെങ്കിലും, കെട്ടിടം ആയുസു കവരുമോ എന്ന ഭയത്തിലാണ് രോഗികളും ജീവനക്കാരും. ആശുപത്രിയുടെ പ്രവർത്തനം പഴയ ആലപ്പുഴ നഗരസഭാ കെട്ടിടത്തിലേക്ക് മാറ്റുന്നതിൽ നഗരസഭാ ഭരണസമിതിയിൽ തന്നെ ഭിന്നിപ്പുണ്ട്. എന്നാൽ, കൗൺസിൽ യോഗം ചേർന്ന് അജണ്ട പാസാക്കിയതോടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ആശുപത്രി സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നഗരസഭാമന്ദിരത്തിലും പരിമിതികൾ
1.നഗരസഭാ അനക്സ് കെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകളാണ് ആശുപത്രി നടത്തിപ്പിനായി വിട്ടുനൽകുന്നത്.ഇവിടെ വേണം കിടത്തി ചികിത്സയും, ലാബുകളും, 12 ഒ.പികളും പ്രവർത്തിക്കേണ്ടത്
2.ആയുർവേദാശുപത്രി കെട്ടിടത്തിൽ മുപ്പത് ബെഡുകൾ വരെ പ്രവർത്തിക്കുമ്പോൾ,നഗരസഭാ കെട്ടിടത്തിൽ അനുമതി
ലഭിച്ചിരിക്കുന്നത് ആറ് ബെഡുകൾക്ക് മാത്രമാണ്
3. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് മറ്റ് സ്ഥാപനങ്ങളിലേക്ക് വിന്യസിക്കാനും സാദ്ധ്യതയുണ്ട്.കൂടുതൽ രോഗികളെ പാർപ്പിക്കാൻ മൂന്നാംനിലയും,നഗരസഭാ കോമ്പൗണ്ടിൽ തന്നെയുള്ള ചെറിയ കെട്ടിടവും അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്
4. എക്സ് റേ സംവിധാനം സ്ഥാപിക്കാനുള്ള സൗകര്യം നഗരസഭാ കെട്ടിടത്തിൽ കണ്ടെത്തിയിട്ടില്ല.ആശുപത്രി പ്രവർത്തിക്കാവുന്ന തരത്തിലുള്ള പാർട്ടിഷൻ ജോലികളാണ് പ്രാഥമികമായി പഴയ നഗരസഭാ കെട്ടിടത്തിൽ നടക്കുക.
ആയുർവേദ
ആശുപത്രി
എസ്റ്റിമേറ്റ് : 5 കോടി
പ്രതിദിന ഒ.പി : 300
നഗരസഭാ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനത്തിനുള്ള വാടക ധാരണയായി. വൈകാതെ എഗ്രിമെന്റ് എഴുതും. പരമാവധി രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയുടെ പ്രവർത്തനം വാടക കെട്ടിടത്തിലാരംഭിക്കും
- ആർ.റിയാസ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത്
ഭയപ്പാടോടെയാണ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനായത്. എത്രയും വേഗം ആശുപത്രി പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റി പുതിയതിന്റെ നിർമ്മാണം ആരംഭിക്കണം
-ഇലയിൽ സൈനുദീൻ, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |