മുഹമ്മ: മനസുകൊണ്ട് അളന്ന് തടിയിൽ അതിസൂക്ഷ്മമായി, ഉളി കൊണ്ട് മനോഹര ശില്പങ്ങൾ കൊത്തിയെടുക്കുന്ന തിരക്കിലാണ് ശ്രീകാന്ത് പി.വിശ്വം. ഏറെ ഐതീഹ്യ പ്രാധാന്യമുള്ള മുഹമ്മ മുക്കാൽ വെട്ടം ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ കളരിക്ക് പരദേവതയായ മഹാശക്തിയുടെ ദാരുശിൽപ്പ നിർമ്മിച്ച് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് ഈ എം.ബി.എ ബിരുദധാരി.
ഡിഗ്രിക്ക് പഠിക്കുമ്പോൾ ചിത്രങ്ങൾ വരച്ചുതുടങ്ങിയ ശ്രീകാന്ത്, തെർമ്മോകോളിലാണ് ആദ്യം രൂപങ്ങൾ ഒരുക്കിയത്.തുടക്കം ഗണപതിയിലായിരുന്നു.
കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ കാലത്ത് ശിൽപ്പ നിർമ്മാണം കൂടുതൽ ഉഷാറായി. അന്ന് നിർമ്മിച്ച പദ്മനാഭസ്വാമിയുടെ ശിൽപം, 'പദ്മനാഭ സ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ' എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അതുവഴി വലിയ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. ഈ പിന്തുണയാണ് തന്നിലെ ശില്പിയെ വളർത്തിയതെന്ന് ശ്രീകാന്ത് പറയുന്നു.
തുടർന്ന് ദേവീ ദേവന്മാരുടെയും ആനകളുടെയും ശിൽപ്പങ്ങൾ നിർമ്മിക്കാൻ തുടങ്ങിയെങ്കിലും പരീക്ഷയടുത്തതോടെ പഠനത്തിലായി കൂടുതൽ ശ്രദ്ധ.
പഠനം വിജയകരമായി പൂർത്തിയാക്കിയതോടെ ശിൽപ്പ നിർമ്മാണം പൂർവാധികം
ഭംഗിയായി ശ്രീകാന്ത് മുന്നോട്ടുകൊണ്ടുപോയി. തുടർന്ന്
ഗുരുവായൂരപ്പന്റെയും ഗുരുവായൂർ കേശവൻ, പാമ്പാടി രാജൻ തുടങ്ങിയ
ഗജവീരന്മാരുടെയും ദാരുശിൽപ്പങ്ങൾ തീർത്ത് ശ്രദ്ധനേടി.
ഫോട്ടോ ശില്പങ്ങളും ഇപ്പോൾ ഓർഡർ അനുസരിച്ച് ചെയ്യുന്നുണ്ട്. വീട്ടിലെ പൂജാമുറികൾക്ക് വേണ്ടി ദേവീ ദേവന്മാരുടെ ദാരുശിൽപ്പങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് ശ്രീകാന്ത് പറയുന്നു.
മഹാശക്തിയൊരുക്കിയത്
വരിക്കപ്ലാവിൻ തടിയിൽ
തേക്ക്, മഹാഗണി,പ്ളാവ്, കുമ്പിൽ (കുമിഴ്) എന്നിവയുടെ തടികളിലാണ് ശിൽപ്പങ്ങൾ ഏറെയും തീർക്കുന്നത്. ഇതിലെ പോളീഷിംഗും പെയിന്റിംഗുമെല്ലാം ശ്രീകാന്ത് തന്നെ ചെയ്യും. എന്നാൽ, മുഹമ്മ മുക്കാൽ വെട്ടം ശ്രീഅയ്യപ്പ സ്വാമി ക്ഷേത്രത്തിലേക്കുള്ള മഹാശക്തിയുടെ ഒന്നേ മുക്കാൽ അടി വലിപ്പമുള്ള ശിൽപ്പം നിർമ്മിച്ചത്
ലക്ഷണമൊത്ത വരിക്ക പ്ലാവിന്റെ തടിയിലാണ്. ആറ് മാസത്തോളമെടുത്താണ് ദേവീ ശിൽപ്പം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ശിൽപ്പം പ്രതിഷ്ഠിച്ചു.
ശ്രീകാന്തിന്റെ അച്ഛൻ പടിശ്ശേരിൽ വിശ്വംഭരന്റെ മുഹമ്മയിലെ വർക്ക് ഷോപ്പിൽ വച്ചായിരുന്നു ദേവീ ശിൽപ്പ നിർമ്മാണം. ആലപ്പുഴ പുന്നമടയിലെ ഒരു റിസോർട്ടിൽ ജോലിചെയ്യുന്ന ശ്രീകാന്തിന്, അച്ഛനും അമ്മ പ്രസന്നയും ജ്യേഷ്ഠൻ രാഹുൽ പി. വിശ്വവുമെല്ലാം വലിയ പിന്തുണയാണ് ശിൽപ്പ നിർമ്മാണത്തിൽ നൽകിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |