കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങി. മന്ത്രിയുടെ വീട്ടിലേക്കും പത്തനംതിട്ട നഗരത്തിലും നടന്ന മാർച്ചുകൾ പൊലീസുമായി സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ലുകൾ തകർത്തപ്പോൾ നിരവധി പേർ അറസ്റ്റിലുമായി.
പൊലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്തു
പത്തനംതിട്ട: മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി കപ്പലിന്റെ മാതൃകയുമായി നടത്തിയ നഗരപ്രദക്ഷിണം ആക്രമാസക്തമായി. പൊലീസ് ബസിന്റെ ചില്ലുകൾ പ്രവർത്തകർ തല്ലിത്തകർത്തു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തശേഷം യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, വൈസ് പ്രസിഡന്റ് കാഞ്ചന , യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളായ നവാസ് പത്തനംതിട്ട, സലിൽ സാലി, അനൂപ് പേങ്ങാവിളയിൽ , നെനു.പി.രാജു, അജു എബ്രഹാം വീരപ്പള്ളി, ജിയോ ചെറിയാൻ, അഡ്വ.എ.സുരേഷ് കുമാർ, കെ.ജാസിം കുട്ടി എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെയും വീണാ ജോർജിന്റെയും മുഖമൂടിയണിഞ്ഞും പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. റോഡിലെ ബാരിക്കേടുകൾ മറിച്ചിട്ട പ്രവർത്തകർ ഗതാഗതം തടസപ്പെടുത്തി. ഇതിനിടെ പലതവണ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് ബസിൽ കയറ്റി. ഇവരുമായി സഞ്ചരിച്ച വാഹനം രണ്ടു തവണ വഴിയിൽ കേടായി. തുടർന്ന് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി സ്റ്റാർട്ടാക്കിയാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്.
ബി.ജെ.പി മാർച്ചിൽ സംഘർഷം
കൊടുമൺ : ആരോഗ്യമന്ത്രി വീണാജോർജിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മന്ത്രിയുടെ അങ്ങാടിക്കലിലെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
വസതിയുടെ പ്രവേശന കവാടത്തിന് നൂറു മീറ്റർ അകലെ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ തൊട്ടപ്പുറത്തെ പുരയിടത്തിലൂടെ മന്ത്രിയുടെ വസതിയിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവയെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റുചെയ്യാൻ ശ്രമിക്കുകയും പ്രവർത്തകർ ഇത് ചെറുക്കുകയും ചെയ്തതോടെ വീണ്ടും സംഘർഷമായി.
സമരാഭാസം : എൽ.ഡി.എഫ്
പത്തനംതിട്ട : ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം തുടർന്നാൽ ഗവൺമെന്റും ഇടത് മുന്നണിയും മന്ത്രിക്ക് സംരക്ഷണമൊരുക്കുമെന്ന് എൽ.ഡി.എഫ് ജില്ലാക്കമ്മിറ്റി. വീണാ ജോർജിനെതിരെ നടക്കുന്നത് അസൂയയും കണ്ണുകടിയും കാരണമുള്ള സമരാഭാസം എന്നും എൽ.ഡി.എഫ് ജില്ലാ നേതൃത്വം ആരോപിച്ചു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
കഴിഞ്ഞ 9 വർഷത്തിനിടെ 970 കോടി രൂപയുടെ വികസനമാണ് ആരോഗ്യ രംഗത്ത് ഉണ്ടായത്. ഈ നേട്ടങ്ങൾക്ക് മറയിടാനാണ് ഇത്തരം സമരങ്ങൾ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. വിശദീകരണയോഗം 10ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടക്കും.
സി.പി.എം ജില്ലാസെക്രട്ടറി രാജു ഏബ്രാഹാം, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല , സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.അജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |