ക്ലാപ്പന: ഓണാട്ടുകര പ്രദേശത്തുനിന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ക്ലാപ്പന ഇ.എം.എസ്. ലൈബ്രറി ഏർപ്പെടുത്തിയ ആറാമത് ഓണാട്ടുകര പ്രതിഭാ പുരസ്കാരം ഡോ.എ.സാബുവിന് കൈമാറി. ശാസ്ത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്.
11,111 രൂപയും പ്രശസ്തി പത്രവും ചിത്രകാരൻ അനി വരവിള രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന അവാർഡ് ഡോ. അച്യുത് ശങ്കർ എസ്.നായർ ഡോ.എ.സാബുവിന് കൈമാറി. ഗ്രന്ഥശാലാ പ്രസിഡന്റ് ജി. അനിത അദ്ധ്യക്ഷയായി. സെക്രട്ടറി ആർ.മോഹനൻ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. വി.പി.ജയപ്രകാശ് മേനോൻ പ്രശസ്തിപത്ര അവതരണം നിർവഹിച്ചു.
വിദ്യാഭ്യാസ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താരമേശ് അനുമോദിച്ചു. അദ്ധ്യാപിക ഗീത വി. പണിക്കർ, മുതിർന്ന പത്രവിതരണക്കാരനായ സദാനന്ദൻ പിള്ള എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം ദീപ്തി രവീന്ദ്രൻ, ബി. ബിനു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |