ജയ്പൂർ: പൊലീസ് ആകാൻ പറ്റാത്ത വിഷമത്തിൽ സി.ഐ.ഡിയായ മൂലംകുഴിയിൽ സഹദേവൻ. സി.ഐ.ഡി മൂസയെന്ന സൂപ്പർ ഹിറ്ര് ചിത്രത്തിലെ നായകൻ. സമാനമായ സംഭവം അങ്ങ് രാജസ്ഥാനിലും നടന്നു. സിനിമയിലല്ല, ജീവിതത്തിൽ. 'എസ്.ഐ മൂലി ദേവി'. പൊലീസാകാനാകാത്ത വിഷമത്തിൽ എസ്.ഐയായി വേഷമിട്ട് മോന ബുഗാലിയ എന്ന യുവതി വിലസിയത് രണ്ട് വർഷം.
പൊലീസ് അക്കാഡമിയുടെ പരേഡ് ഗ്രൗണ്ടിൽ യൂണിഫോമിൽ സ്ഥിരസാന്നിദ്ധ്യം. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചിത്രങ്ങളെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ മോട്ടിവേഷണൽ റീലുകൾ പങ്കുവച്ചു, പൊതുവേദികളിൽ യൂണിഫോമിൽ വന്ന് പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തി. ഒടുവിൽ 2023ൽ പിടിവീണു. പിന്നീട് ഒളിവിൽ. കഴിഞ്ഞയാഴ്‌ച രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് പൊലീസ് പൊക്കി.
ചില ട്രെയിനിമാർ മോനോയുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയം ഉന്നയിച്ചതോടെയാണ് സത്യം പുറത്തുവരുന്നത്. വിവരം മുതിർന്ന ഉദ്യോഗസ്ഥരിലെത്തിയതോടെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മോനോ മുങ്ങി. താൻ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുകയായിരുന്നെന്ന് മോനോ സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അംഗീകാരം നേടാനാണ് ചെയ്തതെന്നും പറയുന്നു.
മോനോയുടെ വാടകമുറിയിൽ നടത്തിയ പരിശോധനയിൽ നിന്ന് ഏഴ് ലക്ഷം രൂപയും മൂന്ന് പൊലീസ് യൂണിഫോമുകളും പരീക്ഷ പേപ്പറുകളും വ്യാജ രേഖകളും കണ്ടെടുത്തു. നാഗൗർ സ്വദേശിയാണ്. അച്ഛൻ ഡ്രൈവർ. 2021ൽ നടന്ന എസ്.ഐ യോഗ്യതാ പരീക്ഷയിൽ തോറ്റതോടെ ‘മൂലി ദേവി’ എന്ന പേരിൽ വ്യാജരേഖകളുണ്ടാക്കി എസ്.ഐയായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രചരിപ്പിച്ചു.
തുടർന്ന്, എസ്.ഐ റിക്രൂട്ട്‌മെന്റിനുവേണ്ടിയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു. സ്‌പോർട്‌സ് ക്വാട്ടയിലൂടെ എൻറോൾ ചെയ്‌ത മുൻ ബാച്ചിലെ ഉദ്യോഗാർത്ഥിയുടെ മറവിൽ രാജസ്ഥാൻ പോലീസ് അക്കാഡമിയിൽ എത്തി. എന്നാൽ പൊലീസിനുള്ളിൽ തന്നെ കയറി തട്ടിപ്പ് നടത്താൻ എങ്ങനെ കഴിഞ്ഞെന്നാണ് അധികൃതർക്കുൾപ്പെടെ മനസിലാകാത്തത്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ തട്ടിപ്പ് ചർച്ചയായി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |