തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തിൽ നിന്ന് രക്ഷനേടാൻ പൂന്തുറയിൽ ട്രയൽ റണ്ണിന്റെ ഭാഗമായി സ്ഥാപിച്ച ജിയോ ട്യൂബുകൾ ഒരു പരിധി വരെ ഫലം കണ്ടതായി അധികൃതർ. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടം പൂന്തുറ തീരത്ത് നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിച്ചത്. ഇത്തവണത്തെ രൂക്ഷമായ കടലേറ്റത്തിൽ ഒരു പരിധി വരെ അത് തടഞ്ഞ് നിറുത്താനായി. കൂടാതെ പൂന്തുറ ഭാഗത്ത് തീരവും ലഭിച്ചതായി അധികൃതർ പറഞ്ഞു.ഈ സാഹചര്യത്തിൽ പൂന്തുറ മുതൽ ശംഖുംമുഖം വരെ ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതി ഉടനെ ആരംഭിക്കും.
മൂന്ന് റീച്ചുകൾ
ട്രയൽ റൺ വിജയിച്ചതോടെ പ്രധാന പദ്ധതിക്ക് തുടക്കമാകും. ചൈനയിൽ നിന്ന് ജിയോ ട്യൂബ് ഇറക്കുമതി വേണ്ടെന്ന് കേന്ദ്രം നിർദ്ദേശിച്ചതോടെ പദ്ധതി ഇഴയുകയായിരുന്നു.എന്നാൽ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചതോടെ ജിയോ ട്യൂബുകൾ അവിടെ നിന്നുമെത്തിക്കും.മൂന്ന് റീച്ചുകളായാണ് പദ്ധതി പൂർത്തിയാക്കുക.പൂന്തുറ,ശംഖുംമുഖം വരെ,വലിയതുറ മുതൽ ബീമാപ്പള്ളി വരെ ഇങ്ങനെയാണ് നിർമ്മാണം.
പദ്ധതി വ്യാപിപ്പിക്കണമെന്നാവശ്യം
ജിയോ ട്യൂബുകൾ സ്ഥാപിക്കുന്ന പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ആദ്യ പദ്ധതി തീരുന്ന ശംഖുംമുഖത്ത് നിന്നാരംഭിച്ച് വെട്ടുകാടുവഴി വേളിയിലേക്ക് ഇത് വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.
തിരമാലകളുടെ ശക്തി കുറയ്ക്കും
അതിശക്തമായി കടൽത്തിരകളടിച്ചാൽ അത് ട്യൂബിൽ തട്ടി ശക്തി കുറഞ്ഞ് പതഞ്ഞ് കരയിലേക്കെത്തും.ഇത് കടലാക്രമണം തടയും.തീരത്ത് നിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായി ആറുമീറ്റർ ആഴമുള്ള സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കും.
@ചെലവ് - 150 കോടി
പൂന്തുറ മുതൽ വലിയതുറ വരെ ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നതിന് 150 കോടിയാണ് ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |