ഇരിങ്ങാലക്കുട: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരികോത്സവത്തിന്റെ വിഭജനത്തിനും ആസക്തിക്കുമെതിരെ സംവാദം സംഘടിപ്പിച്ചു. വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ട രണ്ട് കാര്യങ്ങളാണ് വർഗ്ഗീയ വിഭജനവും ലഹരിയോടുള്ള ആസക്തിയുമെന്ന് സംവാദത്തിൽ മോഡറേറ്ററായിരുന്ന മാദ്ധ്യമ പ്രവർത്തകൻ അഭിഷാഷ് മോഹൻ അഭിപ്രായപ്പെട്ടു. ലഹരിയിൽ നിന്ന് വിട്ടു നിന്നാൽ സമൂഹം തന്നെ ഒറ്റപ്പെടുത്തുന്ന കാലത്ത് കൂട്ടായ്മകളുടെ എന്ത് ബദലാണ് യുവജന പ്രസ്ഥാനങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. വിശ്വാസത്തെ അടിസ്ഥാനമാക്കി മുന്നോട്ടു പോയിട്ടുള്ള ഒരു മത രാഷ്ട്രത്തിലും അവരുടെ പ്രത്യേക ആശയങ്ങൾ വിജയിപ്പിക്കാനോ പ്രാവർത്തികമാക്കാനോ സാധിച്ചിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. അതു തന്നെയാണ് നമ്മുടെ രാജ്യത്തും കാണാൻ സാധിക്കുന്നത്. മതവും, വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധപ്പെടലുകൾ അവസാനിപ്പിച്ചാൽ മാത്രമാണ് നമ്മുടെ രാജ്യത്തെ വർഗ്ഗീയമായി വിഭജിക്കുന്ന പ്രതിസന്ധി അതിജീവിക്കാൻ സാധിക്കുകയുള്ളു. ഇക്കാലത്ത് വർഗീയതക്കെതിരായുള്ള കൃത്യമായ സമരം മത നിരപേക്ഷ രാഷ്ട്രീയമാണ്. പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായ രാസലഹരിയുടെ ഉപയോഗം തടയാനുള്ള പരിശ്രമങ്ങൾ നടത്തിയില്ലെങ്കിൽ നമ്മുടെ നാട് നിലനിൽക്കില്ലെന്നും ലഹരിക്കെതിരെ കൂട്ടായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്നും വി.കെ.സനോജ് പറഞ്ഞു. വർഗ്ഗീയത മതത്തിൽ അന്തർലീനമായതല്ലെന്നും മതവും രാഷ്ട്രീയവും ഒന്നിക്കുമ്പോഴാണ് വർഗീയ വിഭജനം ഉണ്ടാകുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ വിഭജിച്ച് ഭരണമുറപ്പിച്ച അതേ തന്ത്രമാണ് ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നവർ പയറ്റുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, ഡി.വൈ.എഫ.്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ സ്വാഗതവും എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ സി.പി.ഐ പ്രഭാത നടത്തം
തൃശൂർ : സി.പി.ഐ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ലഹരി അല്ല ജീവിതമാണ് ലഹരി എന്ന് മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ പ്രഭാത നടത്തം. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി ഉദ്ഘാടനം ചെയ്തു. കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച നടത്തം അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ,സംഘാടക സമിതി കൺവീനർ ടി.കെ സുധീഷ്, ട്രഷറർ പി.മണി, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ, അനിതാ രാധാകൃഷ്ണൻ, മുൻ ഫുട്ബാൾ താരങ്ങളായ എൻ.കെ. സുബ്രഹ്മണ്യൻ, സി. പി. അശോകൻ, അകേഷ് രാജ് നേതൃത്വം നൽകി.
സാംസ്‌കാരികോത്സവത്തിൽ ഇന്ന്
മൂന്നാം സാംസ്‌കാരികോത്സവ ദിനമായ ജൂലൈ ഏഴിന് ഇന്നസെന്റ് പി. ജയചന്ദ്രൻ സ്മരണ. വൈകീട്ട് നാലിന് മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിൽ നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ.് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആദരം നിർവഹിക്കും.
കമൽ, ഇന്ദ്രൻസ്, റഫീക് അഹമ്മദ്, ബി.കെ.ഹരിനാരായണൻ, പി.ജി. പ്രേംലാൽ തുടങ്ങിയവർ പങ്കെടുക്കും. പി.മണി സ്വാഗതവും അഡ്വ. പി.ജെ. ജോബി നന്ദിയും പറയും. തുടർന്ന് ജയരാജ് വാര്യർ നയിക്കുന്ന 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' പി ജയചന്ദ്രൻ സംഗീത സന്ധ്യയിൽ എടപ്പാൾ വിശ്വനാഥ്, മനോജ് കുമാർ, റീന മുരളി, ഇന്ദുലേഖ വാര്യർ, നന്ദു കൃഷ്ണ തുടങ്ങിയവർ പാട്ടുകൾ ആലപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |