വെള്ളറട: മലയോരമേഖയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമാകുന്നു. സന്ധ്യമയങ്ങിയാൽ പ്രധാന കവലകളിലും പൊതി കഞ്ചാവ് സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന അതിർത്തിയിലെ വെള്ളറട, ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട്, പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവു ലഭിക്കുന്നത്. അതിർത്തിവഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ കച്ചവടത്തിന് എത്തുന്നുണ്ട്.
വിദ്യാർത്ഥികൾ ഇരകൾ
വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നുണ്ട്. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങളും പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്തുപറയാൻപോലും കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി പോകുന്ന ഇരുചക്രവാഹനങ്ങളുടെ മരണപാച്ചിലും പേടിച്ച് റോഡിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ.
കഞ്ചാവു വില്പന
സംഘങ്ങൾ സജീവം
ആറാട്ടുകുഴി, പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അടുത്ത കാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ബോധവത്ക്കരണവും അത്യാവശ്യമാണ്.
പനച്ചമൂട് കേന്ദ്രീകരിച്ച് വിൽപ്പന
നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിലാണ് നടക്കുന്നത്. നിരന്തരം പരിശോധനകൾ ഉണ്ടെങ്കിലെ നിരോധിത വസ്തുക്കളുടെ വില്പന തടയുവാൻ കഴിയൂയെന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |