പൊലീസുകാരടക്കം 5 പേർക്ക് പരിക്ക്
ആലപ്പുഴ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബി.ജെ.പി മദ്ധ്യമേഖലാ അദ്ധ്യക്ഷൻ എൻ.ഹരി, യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് മുരളി, മഹിളാമോർച്ച പ്രവർത്തക ബേബി ഗിരിജ, പൊലീസ് ഉദ്യോഗസ്ഥരായ അനു, ഷാഹിദ എന്നിവർക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലെ ഗേറ്റിലേക്ക് മാർച്ച് ചെയ്യാനായിരുന്നു ബി.ജെ.പി പ്രവർത്തകർ നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇത് രോഗികളെ ബാധിക്കുമെന്ന കാരണത്താൽ സമരം പടിഞ്ഞാറെ ഗേറ്റിലേക്ക് മാറ്റി. ബി.ജെ.പി മദ്ധ്യമേഖലാ അദ്ധ്യക്ഷൻ എൻ.ഹരി പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രഡിഡന്റ് അഡ്വ.പി.കെ ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകരിൽ ഒരുവിഭാഗം റോഡ് ഉപരോധിക്കാൻ ശ്രമിക്കുന്നതിനിടെ ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധന്റെ നേതൃത്വത്തിൽ വനിതാ പ്രവർത്തകരുൾപ്പെടെ ബാരിക്കേഡിന് മുകളിലൂടെ ജനറൽ ആശുപത്രിക്കുള്ളിൽ കടന്നു. ഇവരെ ആശുപത്രിയ്ക്കുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ആദർശ് മുരളി ബോധരഹിതനായി തറയിൽ വീണു. ബേബി ഗിരിജ ബാരിക്കേഡ് ഭേദിക്കുന്നതിനിടെ അതിൽ നിന്ന് വീഴുകയായിരുന്നു. ആദർശ് മുരളിയെ പ്രവർത്തകർ താങ്ങിയെടുത്ത് അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിച്ചശേഷം അവിടെയും പ്രതിഷേധിച്ചു. പൊലീസുമായുളള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ എൻ.ഹരിയെ പൊലീസുകാരൻ ലാത്തിയ്ക്ക് കുത്തുകയും അടിയ്ക്കുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കി. ഹരിയെ മർദ്ദിച്ചത് അന്വേഷിക്കാമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിയെ എക്സ് റേ പരിശോധനയ്ക്ക് ശേഷം വിശ്രമം നിർദ്ദേശിച്ച് വിട്ടയച്ചു. പ്രവർത്തകരുമായുള്ള പിടിവലിയിൽ കൈയ്യിൽ മുറിവുണ്ടായാണ് പൊലീസുകാർ ചികിത്സ തേടിയത്. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി പരീഷിത്ത്, വിമൽ രവീന്ദ്രൻ, മഹിളാ മോർച്ചാ നേതാക്കൾ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സൗത്ത് പൊലീസ് അറിയിച്ചു. 10 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |