തിരുവനന്തപുരം: കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേവികുളം കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതിൽ മനംനൊന്ത് കട്ടപ്പന സ്വദേശിയായ ശിവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സബ് കലക്ടർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ശിവന്റെ സഹോദര പുത്രനായ കെ.ബി. പ്രദീപ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 2017ലാണ് ശിവൻ ആത്മഹത്യ ചെയ്തത്. വ്യാജ ആധാരമുണ്ടാക്കിയാണ് ബന്ധുക്കൾ തന്റെ ഭൂമി കൈക്കലാക്കിയതെന്ന് കാണിച്ച് ഇയാൾ ശ്രീറാമിന് പരാതി നൽകിയിരുന്നു.
എന്നാൽ തന്റെ അമ്മാവൻ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ മുൻ സബ് കളക്ടർ തയാറായില്ലെന്നാണ് പ്രദീപ് പറയുന്നത്. തുടർനടപടികളായി ശ്രീറാമിന്റെ ഓഫീസിൽ വിവരാവകാശവും നൽകിയിരുന്നു. എന്നാൽ നാല് തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരൻ ഹാജരായില്ല എന്ന മറുപടിയാണ് ഓഫീസിൽ നിന്നും ലഭിച്ചത്. ഇതുപക്ഷേ ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നും പ്രദീപ് ആരോപിക്കുന്നു. ശിവൻ പരാതി നൽകും മുൻപ് തന്നെ ഇയാൾ ഹാജരാകണമെന്ന് കാണിച്ച് ശ്രീറാം നോട്ടീസയച്ചതായാണ് പരാതിയിൽ കാണുന്നത്.
നടപടിയുമായി മുന്നോട്ട് നീങ്ങാതിരുന്ന ശ്രീറാം ഭൂമിതട്ടിപ്പ് നടത്തിയവരെ സഹായിക്കുകയാണ് ചെയ്തതെന്നും അതിൽ മനംനൊന്താണ് തന്റെ അമ്മാവൻ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമി തട്ടിയെടുത്തവരെ പോലെ തന്നെ ശ്രീറാമും ഇക്കാര്യത്തിൽ കുറ്റക്കാരനാണെന്നും നടപടി വേണമെന്നും പ്രദീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |