തിരുവനന്തപുരം: ജവഹർ നഗറിലെ ഒന്നരക്കോടി വില വരുന്ന വീടും വസ്‌തുവും വ്യാജ രേഖകൾ തയ്യാറാക്കി തട്ടിയെടുത്ത കേസിൽ റിമാൻഡിലായിരുന്ന മെറിൻ ജേക്കബിനെ (27) പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ ശാസ്‌തമംഗലം സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കേസുമായി ബന്ധമുള്ള നഗരത്തിലെ കോൺഗ്രസ് നേതാവായ വെണ്ടറെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു കോൺഗ്രസ് നേതാവാണ് ഒരു തവണ വസ്‌തു രജിസ്റ്റർ ചെയ്യാൻ ഇടപെട്ടിട്ടുള്ളത്. വസ്‌തു വാങ്ങിയ ചന്ദ്രസേനൻ അടക്കമുള്ളവരേയും വിശദമായി അന്വേഷണസംഘം ചോദ്യം ചെയ്യും.
വിദേശത്തുള്ള വസ്‌തു ഉടമ ഡോറയുമായി പൊലീസ് ഫോണിൽ സംസാരിച്ചിരുന്നു. കെയർ ടേക്കറായ അമർനാഥ് പോളിനെ കേസ് നടത്തിപ്പിനുള്ള പവർ ഓഫ് അറ്റോർണി കൊടുക്കാനാണ് നീക്കം.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കൂടുതൽ അറസ്റ്റുകളിലേക്ക് കടന്നാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വസ്‌തുവിന്റെ ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധനയും നടത്തുന്നുണ്ട്. സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കും. കരമന കൂടത്തിൽ വീട്ടിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വസ്‌തു രജിസ്‌ട്രേഷനിൽ ഉൾപ്പെട്ട വെണ്ടറാണ് ഈ സംഭവത്തിലുമുള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |