ജക്കാർത്ത: ഇൻഡോനേഷ്യയിൽ 63കാരനായ കർഷകന്റെ മൃതദേഹം 26 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെയുള്ളിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് സുലവേസി പ്രവിശ്യയിലെ സൗത്ത് ബട്ടൺ ജില്ലയിലാണ് സംഭവം. തോട്ടത്തിലേക്ക് പോയ കർഷകനെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു.
തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 2.30ഓടെ കർഷകന്റെ ശരീരം പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കർഷകന്റെ തോട്ടത്തിന് സമീപം അസാധാരണമായി വയറുവീർത്ത ഭീമൻ പെരുമ്പാമ്പിനെയാണ് നാട്ടുകാർ കണ്ടത്. പെരുമ്പാമ്പിനെ കൊന്ന ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ. 20 - 28 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 145 കിലോഗ്രാം വരെ ഭാരമുണ്ടാകും.
ഇൻഡോനേഷ്യയിൽ പെരുമ്പാമ്പ് മനുഷ്യനെ വിഴുങ്ങുന്നത് ആദ്യമല്ല. കഴിഞ്ഞ വർഷം സൗത്ത് സുലവേസിയിൽ മൂന്ന് തവണ സമാന സംഭവങ്ങൾ ഉണ്ടായി. ഇൻഡോനേഷ്യയിലെ ജാംബി, മുനാ ദ്വീപ്, വെസ്റ്റ് സുലവേസി തുടങ്ങിയ ഇടങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |