കണ്ണൂർ: സ്കൂൾ നടത്തിപ്പെന്ന ഭാരിച്ച ചുമതലയ്ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾ കൂടി ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെട്ട് പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർ കടുത്ത സമ്മർദ്ദത്തിൽ . ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കേണ്ട ചുമതല കൂടി വരുമ്പോൾ സ്കൂളുകളിൽ കാര്യക്ഷമമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇവർക്കുള്ളത്.
ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കേണ്ടി വരുന്നത്.പദ്ധതിയുടെ മേൽനോട്ടചുമതലയും പ്രധാനാദ്ധ്യാപകർക്കാണ്.ഇതിനു പുറമെ പഞ്ചായത്ത് ഓഡിറ്റും പ്രധാനാദ്ധ്യാപകൻ നിർവഹിക്കേണ്ടതുണ്ട്. വിരമിച്ച് വർഷങ്ങൾക്കു ശേഷവും പലർക്കും ഓഡിറ്റ് മറുപടി നൽകാൻ ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥയുണ്ട്. വെല്ലുവിളികൾ ഏറെയുള്ളതിനാൽ തന്നെ ഇത്തരം ചുമതലയുള്ള വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകരാകാൻ തന്നെ പലരും മടിക്കുകയാണ്. മുൻ കാലങ്ങളിൽ ഇത്തരം വിദ്യാലയങ്ങളിൽ ഒരു അധിക അദ്ധ്യാപകനെ അനുവദിച്ചിരുന്നതാണ്.എന്നാൽ നാലു വർഷമായി ഈ സംവിധാനവുമില്ല. കുട്ടികൾക്ക് പൂർണസമയം അദ്ധ്യാപകനെ ലഭിക്കണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് പഞ്ചായത്തിന്റെ അധിക ജോലിയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുന്നത്.
സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രധാനാദ്ധ്യാപകൻ ഒരു പ്രത്യേക ക്ലാസിന്റെ പൂർണ ചുമതലയും ഏറ്റെടുക്കേണ്ടതുണ്ട്.ഇതിനെല്ലാം ഇടയിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് വേണ്ടി പ്രധാനാദ്ധ്യാപകർ മാറി നിൽക്കേണ്ടി വരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ തന്നെ താളം തെറ്റിക്കുന്നു.
പ്രൈമറി ഹെഡ്മാസ്റ്ററുടെ പ്രധാന ചുമതലകൾ
സർക്കാരിൽ നിന്നും ഡിപ്പാർട്ട്മെന്റിൽ നിന്നും പുറപ്പെടുവിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുസരിച്ച് പ്രവർത്തിക്കുക
സ്കൂളിൽ അച്ചടക്കം
അദ്ധ്യാപകർക്കിടയിൽ ജോലി വിഭജിച്ചും പരീക്ഷകൾ നടത്തിയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിക്കുക
അദ്ധ്യാപകരുടെ ജോലി പരിശോധിക്കുക
കുട്ടികളുടെ ഉച്ചഭക്ഷണം
യോഗങ്ങൾ
ക്ളാസ് ചുമതല
തദ്ദേശസ്ഥാപനം നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികൾ
സ്‌കൂളുകളുടെ ഫിറ്റ്നസ്
ശുചി മുറി,കഞ്ഞിപ്പുര നിർമ്മാണം
അധിക അദ്ധ്യാപകരെ സ്വന്തം നിലയിൽ നിയമിക്കൽ
സ്‌കൂൾ വികസന പ്രവർത്തനം
സർക്കാർ,തദ്ദേശസ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഫയലുകൾ തയ്യാറാക്കൽ
ഡാറ്റ അപ്‌ഡേഷൻ,പ്രൊജ്ര്രക് റിപ്പോർട്ട് തയ്യാറാക്കൽ,ഇൻസ്‌പെക്ഷനുകൾ
വിവിധ പദ്ധതികൾ സംബന്ധിച്ചുള്ള യോഗങ്ങൾ
പഞ്ചായത്തിന് നേരിട്ട് നടപ്പിലാക്കാം
സർക്കാർ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളെല്ലാം നേരിട്ടാണ് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നത്. ക്ലാസ് ചുമതല, ഉച്ചഭക്ഷണം, ട്രഷറി, യോഗങ്ങൾ തുടങ്ങി നിരവധി ജോലികൾ ഉള്ളപ്പോഴാണ് പദ്ധതി നിർവഹണമെന്ന ഭാരം കൂടി തലയിലേറ്റേണ്ടി വരുന്നത്.ഗ്രാമപഞ്ചായത്ത് തലത്തിൽ തന്നെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കാൻ സംവിധാനമുണ്ടാകണമെന്നാണ് പ്രൈമറി സ്കൂൾ പ്രധാനദ്ധ്യാപകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |