വീടിൽ നിർത്തിയിട്ട ജീപ്പ് തകർത്തു
കോഴിക്കോട് / തുരുവമ്പാടി: മലയോര മേഖലയെ വിറപ്പിച്ച് കാട്ടാന ശല്യം. ഇന്നലെ പുലർച്ചെ കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറ തേനരുവിൽ ഇറങ്ങിയ കാട്ടാന തേനരുവി അബ്രഹാം ഏറ്റുമാനുക്കാരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് തകർത്തു. വീട്ടുപറമ്പിലെ വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചു. പ്രദേശത്ത് മാസങ്ങളായി കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ജീവിക്കാൻ മറ്റിടങ്ങളില്ലാത്തതിനാലാണ് ഇവിടെ തന്നെ കഴിയുന്നതെന്ന് അബ്രഹാം ജോസഫ് പറഞ്ഞു. പുലർച്ചെ രണ്ടുമുതൽ കാട്ടാന വീട്ടുമുറ്റത്തുണ്ടായിരുന്നു. അഞ്ചുമണിയോടെ ജീപ്പ് മറിച്ചിട്ട് തകർത്തശേഷം കാട്ടാന മടങ്ങിപ്പോയപ്പോഴാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയത്. പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വീട്ടിലെത്തി പരിശോധന നടത്തി.
കാടിറങ്ങിവരുന്നത് 13 കാട്ടാനകൾ
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിൽ, കരിമ്പ്, തേനരുവി, ചീങ്കണ്ണി, മരത്തോട് ഭാഗങ്ങളിലാണ് പ്രധാനമായും കാട്ടാനകളിറങ്ങുന്നത്. മലപ്പുറം ജില്ലയിൽപ്പെടുന്ന ഓടക്കയം, മുലെപ്പാടം ഭാഗത്തെ കാടുകളിൽ നിന്നായി 13 കാട്ടാനകൾ ഇവിടേക്കിറങ്ങുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
@ പ്രതിഷേധവുമായി സംഘടനകൾ
കൂടരഞ്ഞി: കക്കാടംപൊയിൽ പീടികപ്പാറ ഭാഗങ്ങളിൽ കൃഷി നാശം വരുത്തുന്ന കാട്ടാനയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സിബി പീറ്റർ കൊട്ടാരത്തി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മണി എടത്തുവീട്ടിൽ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ആശങ്ക അകറ്റി പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ബി.ജെ.പി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടരഞ്ഞി പഞ്ചായത്തിലെ തേനരുവി ഭാഗത്ത് കാട്ടാന ശല്യം സ്ഥിരമായി സാഹചര്യത്തിൽ ആധുനികതയിലുള്ള ഫെൻസിംഗ് സ്ഥാപിക്കണമെന്ന് ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |