കണ്ണൂർ: എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് പരുക്ക് പറ്റി. സർവകലാശാല കാവിവത്ക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലുകളിൽ നിന്ന് പിന്മാറുക, വൈസ് ചാൻസലറുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.
സർവകലാശാല കവാടത്തിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് മാർച്ചിനെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ സർവ്വകലാശാലയ്ക്കുള്ളിലേക്ക് കടക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ സർവ്വകലശാലയുടെ ജനൽച്ചില്ല് തകർത്തു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലിസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല.ഗേറ്റ് തകർത്ത് അകത്ത് കയറിയ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫിസിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. പ്രവർത്തകരെ കയറ്റി പോവുകയായിരുന്ന വാഹനവും വിദ്യാർത്ഥികൾ തടഞ്ഞു.
കേന്ദ്രകമ്മിറ്റി അംഗം ബിപിൻ രാജ് പായം മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.അഖില, കാസർകോട് ജില്ലാ പ്രസിഡന്റ് ഋഷിത സി.പവിത്രൻ, സെക്രട്ടറി കെ.പ്രണവ്,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അഞ്ജലി സന്തോഷ്, കെ.നിവേദ്, ജോയൽ തോമസ്, സ്വാതി പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |