ആലപ്പുഴ: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്വകാര്യ ബസ് സമരം പൂർണം. സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ പെരുവഴിയിലായി. ജില്ലയിലെ നാനൂറോളം ബസുകളാണുള്ളത്. ഇവയൊന്നും നിരത്തിലിറങ്ങിയില്ല. ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലുള്ള സഹകരണ സംഘങ്ങളും പണിമുടക്കിന് പിന്തുണ നൽകി. പലരും ഓഫീസുകളിൽ വൈകിയാണ് എത്തിയത്. സ്കൂളുകളിലും കോളേജുകളിലും ഹാജർ നില കുറവായിരുന്നു. പലയിടത്തും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണെത്തിയത്.
കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. ആലപ്പുഴ, കലവൂർ, കായംകുളം, മാവേലിക്കര, ചെല്ലാനം, മുഹമ്മ, മണ്ണഞ്ചേരി, കടപ്പുറം, ചേർത്തല, അരൂക്കുറ്റി എന്നിവിടങ്ങളെല്ലാം കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ആലപ്പുഴ നഗരത്തിലെ ഭൂരിഭാഗം ഭാഗങ്ങളിലേക്കും സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ജില്ലയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. അസ്‌ലാം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ പാലമുറ്റത്ത് വിജയകുമാർ, പി.ജെ. കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
അധിക സർവീസ് നടത്തി
കെ.എസ്.ആർ.ടിസി
സ്വകാര്യ ബസ് സമരത്തിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മേഖലകളിലേക്ക് കൂടുതൽ സർവീസ് നടത്തി കെ.എസ്.ആർ.ടി.സി. ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്നാണ് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്തത്. സാധാരണ ദിവസങ്ങളിൽ 70 ട്രിപ്പുകൾ മാത്രം നടത്തുന്ന ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഇന്നലെ 76 ട്രിപ്പുകൾ നടത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, ചെല്ലാനം, മുഹമ്മ, കലവൂർ, മണ്ണഞ്ചേരി, ചേർത്തല- കോട്ടയം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |