തളിപ്പറമ്പ: മികച്ച വിദ്യാഭ്യാസ സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനസർക്കാരിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് തുടർച്ചയായി അഞ്ചാം തവണയും തളിപ്പറമ്പ് എഡ്യുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു. അന്താരാഷ്ട്ര സഹകരണദിനത്തിൽ അങ്കമാലിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവനിൽ നിന്ന് സംഘം പ്രസിഡന്റ് ഐ.വി.നാരായണൻ, സെക്രട്ടറി പി.എൻ.സുലേഖ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും വെങ്കല മെഡലും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
1981 ജൂലായ് 19ന് പ്രവർത്തനമാരംഭിച്ച തളിപ്പറമ്പ് എഡ്യുക്കേഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റി 1998 വരെ തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് കോളേജ് എന്ന പേരിൽ പാരലൽ കോളേജ്, എസ്.എസ്.എൽ.സി, പി.ഡി.സി, ഡിഗ്രി, പി.ജി, സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ നടത്തിയിരുന്നു. 1999 മുതൽ സംസ്ഥാന സർക്കാരുമായും കണ്ണൂർ യൂണിവേഴ്സിറ്റിയുമായും സഹകരിച്ച് വിവിധ കമ്പ്യൂട്ടർ കോഴ്സുകളും ആരംഭിച്ചു. 2003ൽ തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജും തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി സ്വാശ്രയ കോളേജിൽ അനുവദിക്കപ്പെട്ട സഹകരണ ആർട്സ് ആന്റ് സയൻസ് കോളേജ് എന്ന ബഹുമതിയും സ്ഥാപനത്തിനുണ്ട്.
1983ൽ കാഞ്ഞിരങ്ങാട് ലഭിച്ച 22.80 ഏക്കർ സ്ഥലത്താണ് തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 15 കോഴ്സുകളിലായി 960 ലധികം കുട്ടികൾ പഠിച്ചുവരുന്നുണ്ട്. മികച്ച ലാബ്, 8200 പുസ്തകങ്ങളുള്ള ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ്, പ്ലേസ്‌മെന്റ് സെല്ല്, വിശാലമായ മൈതാനം, കാന്റീൻ, ബസ് എന്നീ സൗകര്യങ്ങളും കോളേജിലുണ്ട്. ഐ.വി.നാരായണൻ പ്രസിഡന്റും പി.എൻ.സുലേഖ സെക്രട്ടറിയുമായുള്ള 11 അംഗ ഭരണസമിതിയാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. ഡോ.കെ.വി.ഉണ്ണികൃഷ്ണനാണ് പ്രിൻസിപ്പൽ. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഐ.വി.നാരായണൻ, ഡയരക്ടർമാരായ ആർ.ഗോപാലൻ, വി.വി.പവിത്രൻ, സെക്രട്ടറി പി.എൻ.സുലേഖ എന്നിവർ പങ്കെടുത്തു.
അങ്കമാലിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനിൽ നിന്ന് സംഘം പ്രസിഡന്റ് ഐ. വി.നാരായണൻ, സെക്രട്ടറി പി.എൻ.സുലേഖ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |