ആലപ്പുഴ: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞുമായി വഴിതെറ്റി ആലപ്പുഴയിലെത്തിയ ബീഹാർ സ്വദേശിനിയും കൈക്കുഞ്ഞും ജന്മനാട്ടിലേക്ക് സുരക്ഷിതയായി മടങ്ങി. ബീഹാർ മഷാരുഹി കെയ്ലുചകിൽ റഫീക്കിന്റെ ഭാര്യ ഷബാന പ്രവിൺ (35) ഏഴ് മാസം പ്രായമുള്ള മകനുമായി മേയ് 29ന് ബീഹാറിലെ വീട്ടിൽ നിന്ന് പാട്നയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചതാണ്. വഴിമദ്ധ്യേ ഉറങ്ങിപ്പോയ ഇവർ ജൂൺ ഒന്നിന് കായംകുളം സ്റ്റേഷനിലാണ് ഇറങ്ങിയത്. മലേറിയ ബാധിച്ച് ആരോഗ്യസ്ഥിതി വഷളായിരുന്ന മൂന്നര മാസം ഗർഭിണിയായിരുന്ന ഷബാനയെ കായംകുളം പൊലീസ് സഖീ വൺ സ്റ്റോപ്പ് സെന്ററിലെത്തിച്ചു. പിറ്റേദിവസം അമ്മയെും കുഞ്ഞിനെയും ആലപ്പുഴ നഗരസഭാ മഹിളാമന്ദിരത്തിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷബാനയ്ക്ക് ഗർഭചിദ്രം നടത്തേണ്ടിയും വന്നു. ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ട ശേഷം മഹിള മന്ദിരം അധികൃതർ പുതുവസ്ത്രങ്ങളും ആരോഗ്യരക്ഷയ്ക്കുള്ള ചികിത്സകളും നൽകി. തുടർന്ന് ജില്ലാ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള വൺ സ്റ്റോപ്പ് സെന്റർ, പാറ്റ്ന വൺ സ്റ്റോപ്പുമായി ബന്ധപ്പെട്ടപ്പോൾ ഷബാനയെ കാണാതായത് സംബന്ധിച്ച പാറ്റ്ന പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമായി. ഇതോടെ ബന്ധുക്കളെ കണ്ടുപിടിക്കാൻ എളുപ്പമായി. 76 വയസുള്ള അമ്മ ഫാത്തിമ ഖത്തൂൺ, സഹോദരൻ എം.ഡി. ലത്തീഫ് എന്നിവർ ആലപ്പുഴയിലെത്തി നിയമനടപടികൾ പൂർത്തീകരിച്ചാണ് ഷബാനയെയും മകനെയും നാട്ടിലേക്ക് തിരികെ കൊണ്ടുപോയത്. ഷബാനയുടെ ഭർത്താവ് നാട്ടിൽ തുന്നൽ പണിക്കാരനാണ്. ജില്ലാ വനിതശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ എം.എസ്.നിഷയുടെയും, വനിത പ്രൊട്ടക്ഷൻ ഓഫീസർ മായയുടെയും, മഹിള മന്ദിരം സൂപ്രണ്ട് നിഷാരാജിന്റെയും, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീർ പുന്നക്കൽ ചെയർമാനായ മഹിള മന്ദിരം മാനേജ്മെന്റ് കമ്മിറ്റിയുടെയും സംരക്ഷണയിലാണ് ഒരുമാസമായി അമ്മയും കുഞ്ഞും താമസിച്ചത്. കുടുംബത്തിന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കും, അവിടെ നിന്ന് കുർള എക്സ്പ്രസിൽ പാട്നയ്ക്കുമുള്ള ട്രെയിൻ ടിക്കറ്റും, യാത്രാ ചെലവിനുള്ള പണവും നൽകിയാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നസീർ പുന്നക്കലിന്റെ നേതൃത്വത്തിൽ കുടുംബത്തെ യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |