ആലപ്പുഴ: സംസ്ഥാനത്തെ ജലമേളക്കാലത്തിന് തുടക്കമിട്ട് ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് അരങ്ങേറും. രാജ്യം മുഴുവൻ പണിമുടക്കിന്റെ ആലസ്യത്തിലാകുമ്പോൾ ചമ്പക്കുളത്ത് ആർപ്പോ വിളികൾ ആവേശം പകരും. ജലോത്സവം പ്രമാണിച്ച് ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ എതിർപ്പില്ലെന്നും, വാഹനങ്ങൾ തടയില്ലെന്നും സമരാനുകൂല സംഘടനകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, പണിമുടക്ക് കാണികളുടെ എണ്ണത്തെ ബാധിച്ചേക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള ജലോത്സവ പ്രേമികൾ എത്താൻ സാധ്യതയില്ല. അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. കൂടാതെ മൂന്ന് വീതം വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തിലെ വള്ളങ്ങളും മത്സരിക്കും. ഉച്ചയ്ക്ക് 2.30ന് പമ്പയാറ്റിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. തോമസ്.കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് സമ്മാനദാനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. പമ്പയാറ്റിൽ മാപ്പിളശ്ശേരി കടവ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെ സ്പീഡ് ബോട്ടുകൾക്ക് കർശന നിരോധനമുണ്ട്.
രാജപ്രമുഖൻ ആർക്ക്?
രാജപ്രമുഖൻ ട്രോഫിക്ക് വേണ്ടി അഞ്ച് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. ചെറുതന ന്യു ബോട്ട് ക്ലബ്ബിന് വേണ്ടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചെറുതന പുത്തൻ ചുണ്ടനിലും, കൈനകരി യു.ബി.സി ആയാപറമ്പ് പാണ്ടിയിലും, ചമ്പക്കുളം ബോട്ട് ക്ലബ്ബ് ടചമ്പക്കുളം ചുണ്ടനിലും, നടുഭാഗം ബോട്ട് ക്ലബ്ബ് നടുഭാഗം ചുണ്ടനിലും, നിരണം ബോട്ട് ക്ലബ്ബ് ആയാപറമ്പ് വലിയ ദിവാൻജിയിലും പോരാടാനിറങ്ങും. മൂന്ന് ഹീറ്റിസിലായാണ് ചുണ്ടൻ വള്ളങ്ങൾ മത്സരിക്കുക. ആദ്യ രണ്ട് ഹീറ്റ്സിൽ രണ്ട് വള്ളങ്ങൾ വീതവും, അവസാന ഹീറ്റ്സിൽ ഒരു വള്ളവും തുഴയും. നറുക്കെടുപ്പിൽ എതിരാളികളില്ലാത്തതിനാൽ ആയാപറമ്പ് വലിയ ദിവാൻജി നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
ഐതിഹ്യം
അമ്പലപ്പുഴ ക്ഷേത്രപപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓർമ്മ പുതുക്കലാണ് ചമ്പക്കുളം വള്ളംകളി. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് നിർമ്മിച്ച വിഗ്രഹം പ്രതിഷ്ഠാ സമയത്ത് അശുദ്ധമാണെന്ന് കണ്ടെത്തി, ചെമ്പകശ്ശേരി രാജാവ് മറ്റൊരു വിഗ്രഹം പെട്ടെന്ന് കണ്ടെത്താൻ മന്ത്റി പാറയിൽ മേനോനെ ചുമതലപ്പെടുത്തി. കുറിച്ചി കരിക്കുളം പാർത്ഥസാരഥി ക്ഷേത്രത്തിൽ ലക്ഷണമൊത്ത വിഗ്രഹമുണ്ടെന്ന് മന്ത്റി കണ്ടെത്തി. കുറിച്ചി വലിയമഠം കുടുംബക്കാരുടേതാണ് ക്ഷേത്രം. അവരുടെ സമ്മതത്തോടെ വിഗ്രഹം ഏറ്റെടുത്ത് മന്ത്റി മേനോനും സംഘവും വള്ളത്തിൽ യാത്ര തിരിച്ചു. നേരം ഇരുട്ടിയാൽ കൊള്ളക്കാരുടെ ശല്യം വരുമെന്നും, അതൊഴിവാക്കാൻ വഴിയിൽ ചമ്പക്കുളത്ത് കോയിക്കരി എന്ന് വീട്ടുപേരുള്ള മാപ്പിളശ്ശേരി കുടുംബത്തിൽ ഇറക്കി വയ്ക്കണമെന്നും ചെമ്പകശ്ശേരി രാജാവിന്റെ നിർദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് വിഗ്രഹം അന്ന് രാത്രി മാപ്പിളശ്ശേരി ഇട്ടിത്തൊമ്മന്റെ വീട്ടിൽ ഇറക്കി വച്ചു. ഇക്കാര്യം ചെമ്പകശ്ശേരി രാജാവിനെ അറിയിച്ചു. അടുത്ത ദിവസം മൂലം നാളിൽ ചെമ്പകശ്ശേരി രാജാവ് പരിവാരങ്ങളും നാട്ടുകാരുമായി ഒട്ടേറെ വള്ളങ്ങളിലായി മാപ്പിളശ്ശേരി വീട്ടിലെത്തി. അവിടെ നിന്നും വിഗ്രഹം വാദ്യഘോഷങ്ങളോടെയും ആർപ്പുവിളികളോടെയും അമ്പലപ്പുഴയിലെത്തിയ ശേഷം പ്രതിഷ്ഠ നടന്നു. ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ച് മൂലം നാളിൽ ചെമ്പകശ്ശേരി രാജാവ് നടത്തിയ ആ ജലഘോഷയാത്രയെ അനുസ്മരിച്ചാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |