തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്ടർ തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ നിയമനം ഇഴയുന്നതായി ആക്ഷേപം.
വിരമിക്കലിന് ആനുപാതികമായി പ്രൊമോഷൻ നടത്തി എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതോടെ പല ജില്ലകളിലും നിയമനങ്ങൾ കാര്യമായി നടക്കുന്നിലെന്നാണ് പരാതി.
ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിലേക്കാണ് നിയമനം നടക്കേണ്ടത്. എന്നാൽ ഈ തസ്തികയിൽ ഒഴിവുകൾ ഉണ്ടാകണമെങ്കിൽ ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1 എന്നീ തസ്തികയിലുണ്ടാകുന്ന റിട്ടയർമെന്റ് ഒഴിവുകളിലേക്ക് പ്രമോഷൻ നടക്കേണ്ടതുണ്ട്. 108 ഒഴിവുകൾ ഇക്കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ഈ തസ്‌തികയിൽ ഉണ്ടായെങ്കിലും പ്രമോഷൻ നടക്കാത്തത് കാരണം ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്‌തികയിൽ ഒഴിവുകൾ ഉണ്ടായിട്ടില്ല. പാലക്കാട്, ഇടുക്കി,തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും പ്രൊമോഷൻ നടക്കാനുള്ളത്. അതിനാൽ ഗ്രേഡ് 2 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കാരണത്താൽ റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്ന നിരവധിപേർ നിരാശയിലാണ്. 2023 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് വിവിധ ജില്ലകളിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്. നിലവിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവ് കാരണം ക്ഷീരകർഷകർ സ്വകാര്യ വെറ്ററിനറി ഡോക്ടർമാരെ സമീപിക്കേണ്ട അവസ്ഥയാണ്.
സ്മാർട്ടല്ല മൃഗസംരക്ഷണം
ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ജന്തുജന്യരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ, കൃത്രിമ ബീജദാനം, വളർത്തുമൃഗങ്ങൾക്കുള്ള പ്രാഥമിക ചികിത്സ തുടങ്ങി കർഷകർക്കു ലഭിക്കേണ്ട സേവനങ്ങളെ പലതിനെയും ജീവനക്കാരുടെ കുറവ് ബാധിക്കുന്നതിനാൽ കർഷകർ സ്വകാര്യ വെറ്ററിനറി ഡോക്ടർമാരെ സമീപിക്കേണ്ടി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |