കൊച്ചി: തെരുവുനായ ശല്യത്താൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്ന് ഹൈക്കോടതി. ജനം ഭയത്തിലാണ്. ദിവസേന കുട്ടികൾക്കടക്കം കടിയേൽക്കുന്നു. എന്തെങ്കിലും ചെയ്തേ പറ്റൂ. തങ്ങളുടെ ഇടപെടലുണ്ടാകുമെന്നും വ്യക്തമാക്കി.
നായശല്യം നിയന്ത്രിക്കുക, കടിയേറ്റവർക്കുള്ള നഷ്ടപരിഹാര വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള വിവിധ ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ പരാമർശം. വിഷയം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
നഷ്ടപരിഹാരത്തിനായുള്ള 9000 അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം തുടരാൻ നിർദ്ദേശിക്കണമെന്ന ഹർജിയിലും വാദം കേൾക്കും.രോഗബാധയുള്ള നായ്‌ക്കളുടെ ദയാവധത്തിന് തീരുമാനമെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. 2023ലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ചട്ടപ്രകാരം ഇതിനുള്ള നടപടി ആരംഭിക്കും. ചട്ടപ്രകാരമുള്ള മേൽനോട്ട സമിതിക്ക് രൂപം നൽകിയിട്ടുണ്ടോയെന്ന് ആരാഞ്ഞ കോടതി, ഇതുസംബന്ധിച്ച് സർക്കാരിന്റെ വിശദീകരണം തേടി. തെരുവുനായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൂടേയെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു.നായകടിയേറ്റ, തിരുവനന്തപുരത്തെ നിയമ വിദ്യാർത്ഥിനി കീർത്തന സരിൻ അടക്കം നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |