ആലപ്പുഴ: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 8,362 വാഹനങ്ങൾ പൊതുലേലത്തിന് വയ്ക്കാൻ സർക്കാർ അനുമതി. അബ്‌കാരി കേസുകളിൽപെട്ട 5,115 വാഹനങ്ങളും എൻ.ഡി.പി.എസ് കേസുകളിൽപെട്ട 3,247 വാഹനങ്ങളുമാണ് ലേലം ചെയ്യുക.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇ-കൊമേഴ്സ് പ്ളാറ്റ്‌ഫോമായ എം.എസ്.ടി.സി (മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ്) മുഖാന്തിരമുള്ള ഓൺലൈൻ ലേലം മന്ദഗതിയിലായതോടെയാണ് പൊതുലേലത്തിന് അനുമതി നൽകിയത്. എക്സൈസ് കമ്മിഷണറുടെ അഭ്യർത്ഥന പ്രകാരമാണിത്.
എം.എസ്.ടി.സി ലേലത്തിൽ പങ്കെടുക്കാൻ ജി.എസ്.ടി ഉൾപ്പെടെ 10,800 രൂപ രജിസ്ട്രേഷൻ ഫീസൊടുക്കണം. ഇത് തിരികെ നൽകില്ല. ഇതുകാരണം ആക്രിക്കച്ചവടക്കാരൊഴികെ താത്പര്യം കാട്ടിയിരുന്നില്ല. ആക്രിക്കച്ചവടക്കാർക്കാകട്ടെ തുരുമ്പ് വിലയ്ക്ക് ലഭിക്കുന്ന വാഹനങ്ങളോടു മാത്രമാണ് താത്പര്യം. ഇതോടെയാണ് പൊതുലേലത്തിന് തീരുമാനമായത്.
ആഡംബര കാറുകൾ, ലോറികൾ
1.ആദ്യഘട്ടത്തിൽ 1,400 വാഹനങ്ങളുടെ ലേലം അടുത്തമാസം11മുതൽ 21 വരെ എല്ലാ ജില്ലകളിലും നടക്കും
2.തൊണ്ടി വാഹനങ്ങൾ നശിക്കുംമുമ്പ് ലേലം ചെയ്യണമെന്ന കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണിത്. ലേല വ്യവസ്ഥകൾ പുറപ്പെടുവിച്ചു
3.ലോറികളും ആഡംബര കാറുകളുമുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും
ലേല തീയതി, ജില്ല
ആഗസ്റ്റ്11 തിരുവനന്തപുരം. 12 കൊല്ലം, കണ്ണൂർ. 13 പത്തനംതിട്ട. 14 ഇടുക്കി, വയനാട്. 16 കോട്ടയം, കാസർകോട്. 18 എറണാകുളം. 19 തൃശൂർ. 20 പാലക്കാട്. 21 ആലപ്പുഴ, കോഴിക്കോട്.
''എം.എസ്.ടി.സി വഴിയുള്ള ലേലത്തിൽ പങ്കാളികളും വിൽപ്പനയും കുറയുന്നതിനാലാണ് പൊതുലേലത്തിന് സർക്കാർ അനുമതി നൽകിയത്.
-കെ.എസ്. ഗോപകുമാർ,
എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |