വിതുര: ഇനി ആവണി ഒറ്റയ്ക്കല്ല. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിൽ പ്രവർത്തിക്കുന്ന മേത്തോട്ടം ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിൽ എൽ.കെജി വിഭാഗത്തിൽ ഏഴ് വിദ്യാർത്ഥികൾകൂടി കഴിഞ്ഞദിവസം അഡ്മിഷൻ എടുത്തു. ഒന്നാം ക്ലാസുകാരിയായ ആവണി മാത്രമായിരുന്നു ഇത്രയും ദിവസം സ്കൂളിലെ ഏക വിദ്യാർത്ഥി. ഒരു കുട്ടി മാത്രം പഠിക്കുന്ന ജില്ലയിലെ ഏക സർക്കാർ സ്കൂളായിരുന്നു ഇന്നലെവരെ മേത്തോട്ടം ട്രൈബൽസ്കൂൾ.
ഈ അദ്ധ്യയനവർഷം ആരും അഡ്മിഷൻ എടുക്കാനെത്താതായതോടെ സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലായി. വാർഡിലെ ഊരുകൂട്ടം ഇടപെട്ട് ആവണിയെ സ്കൂളിൽ എത്തിക്കുകയായിരുന്നു. സ്കൂളിന്റെ ഉന്നതിക്കായി മേത്തോട്ടം നിവാസികളും പഞ്ചായത്തും പ്രവർത്തിച്ചതോടെയാണ് ഏഴ് വിദ്യാർത്ഥികളെകൂടി സ്കൂളിൽ എത്തിക്കാനായത്.
മേത്തോട്ടം ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി അരനൂറ്റാണ്ടുമുമ്പാണ് സർക്കാർ ട്രൈബൽ സ്കൂൾ ആരംഭിച്ചത്. ആദ്യമെല്ലാം നൂറിൽപ്പരം വിദ്യാർത്ഥികളുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പുവരെ രണ്ട് വിദ്യാർത്ഥികളുണ്ടായിരുന്നു.
പ്രീപ്രൈമറി പ്രവേശനോത്സവം തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ ആർ.ലിജുകുമാർ ഉദ്ഘാടനം ചെയ്തു. മേത്തോട്ടം ഉന്നതിമൂപ്പൻ ഭാർഗവൻകാണി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ,ചെട്ടിയാംപാറ വാർഡ്മെമ്പർ പ്രതാപൻ, ഹെഡ്മാസ്റ്റർ രാജീവ്,ഫോറസ്റ്റ് ഓഫീസർ അനീഷ്,ടി.ഇ.ഒ മിനി, പ്രമോട്ടർ സ്വാതി,മുൻപഞ്ചായത്തംഗങ്ങളായ ഷിബു,ലിജി, സുമംഗല മോഹനൻകാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |