ടോൾപിരിവ് തുടങ്ങിയിട്ട് മൂന്നുവർഷം
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ ടോൾപിരിവ് തുടങ്ങിയിട്ട് മൂന്ന് വർഷം തികയുമ്പോഴും ടോൾ പിരിവ് തുടങ്ങുന്ന സമയത്ത് ചെയ്യാൻ ശേഷിച്ചിരുന്ന മുപ്പതിലധികം ജോലികൾ ഇപ്പോഴും ബാക്കി. സുരക്ഷാ സംബന്ധമായ ജോലികളും ഇതിലുൾപ്പെടും. 2022 മാർച്ച് ഒമ്പതിന് കരാർ കമ്പനിയായ തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡിന് ദേശീയപാതാ അതോറിറ്റി ടോൾ പിരിക്കാൻ അനുമതി നൽകുമ്പോൾ 42 ജോലികളാണ് ചെയ്യാൻ ശേഷിച്ചിരുന്നത്. 90 ദിവസത്തിനകം ജോലികൾ പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും പത്തിൽത്താഴെ ജോലികളേ പൂർത്തിയാക്കിയുള്ളൂ. സമയബന്ധിതമായി പൂർത്തിയാകാത്തതിനാൽ, ജോലികൾ തത്കാലം ഒഴിവാക്കി 2024 ജൂൺ 14ന് പാതയ്ക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുകയാണ് ദേശീയപാതാ അതോറിറ്റി ചെയ്തത്. പൂർത്തിയാകാത്ത പണികൾക്ക് കരാർ കമ്പനിയിൽ നിന്ന് ദേശീയപാതാ അതോറിറ്റി പിഴയീടാക്കിയെങ്കിലും യാത്രക്കാർ ദുരിതം സഹിക്കേണ്ട സ്ഥിതിയാണ്. വാളയാർ, പാലിയേക്കര എന്നിവിടങ്ങളലേക്കാൾ ആറുവരിപ്പാതയിലെ പന്നിയങ്കരയിൽ ടോൾ നിരക്ക് കൂടുതലുമാണ്. റോഡിന്റെ വശങ്ങളിൽ കുത്തനെ നിൽക്കുന്ന ഭാഗങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ സുരക്ഷയൊരുക്കൽ, സർവീസ് റോഡുകൾ പൂർത്തീകരിക്കൽ, ഇടറോഡുകൾ ദേശീയപാതയലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണം, 21 ഇടങ്ങളിൽ ബസ് ബേകളുടെ നിർമ്മാണം, മൂന്നിടങ്ങളിൽ ലോറികൾ നിറുത്തിയിടാൻ സ്ഥലമൊരുക്കൽ, അഴുക്കുചാലുകളുടെ നിർമാണം, തെരുവു വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങി പ്രധാനപ്പെട്ട ജോലികളെല്ലാം ബാക്കിയാണ്. ലോറികൾ നിറുത്തുന്നതിനുള്ള സ്ഥലമൊരുക്കൽ നടപടി തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞെങ്കിലും മറ്റു ജോലികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |