പാലക്കാട്: യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് പുതിയതായി സർവീസ് ആരംഭിച്ച കോഴിക്കോട്-പാലക്കാട്-കോഴിക്കോട് പകൽ ട്രെയിൻ ഇനി എല്ലാ ദിവസവും സർവീസ് നടത്തും. നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസം മാത്രം സർവീസ് നടത്തിയിരുന്ന പാലക്കാട്-കോഴിക്കോട്(06031), കോഴിക്കോട്-പാലക്കാട്(06071) അൺറിസർവ്‌ഡ് സ്പെഷ്യൽ എക്സ്‌പ്രസ് ഇന്ന് മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തിലോ, സ്റ്റോപ്പുകളിലോ മാറ്റമില്ല. അതേസമയം ഈ ട്രെയിൻ ദിവസേനയാക്കിയതിനെ തുടർന്ന് ശനിയാഴ്ചകളിൽ സർവീസ് നടത്തിയിരുന്ന കോഴിക്കോട്-ഷൊർണൂർ-കണ്ണൂർ(06179/06075) പ്രതിവാര സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ പകൽ ട്രെയിനുകൾ തീരെയില്ലെന്ന പരാതിക്ക് പരിഹാരമായാണ് കഴിഞ്ഞ മാസം 23 മുതൽ സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങിയത്.
സമയം മാറ്റിയില്ല
സർവീസ് ദിവസേനയാക്കിയെങ്കിലും പാലക്കാട്-കോഴിക്കോട് പകൽ ട്രെയിനിന്റെ സമയം മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവേ പരിഗണിച്ചിട്ടില്ല. നിലവിൽ ഉച്ചയ്ക്ക് 1.50നാണ് ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നത്. ഓഫീസ് ജോലിക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് ഇത് അസൗകര്യമാണ്. വൈകിട്ട് 3.15ന് കോയമ്പത്തൂർ-കണ്ണൂർ എക്സ്‌പ്രസ് പോയാൽ പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പിന്നെയുള്ളത് രാത്രി 11നുള്ള ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് ആണ്. ഇതിനിടയിൽ എട്ട് മണിക്കൂറോളം ഡിവിഷൻ ആസ്ഥാനത്ത് കൂടി കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനില്ല. ഈ സാഹചര്യത്തിൽ പുതിയ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ച് കൂടുതൽ പേർക്ക് സൗകര്യപ്രദമാകും വിധം വൈകിട്ടത്തേക്ക് മാറ്റണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
നിലവിലെ സമയക്രമം
കോഴിക്കോട്-പാലക്കാട്(06071): കോഴിക്കോട്(രാവിലെ 10.10), ഫറോക്ക്(10.26), പരപ്പനങ്ങാടി(10.42), താനൂർ(10.51), തിരൂർ(11.00), കുറ്റിപ്പുറം(11.13), പട്ടാമ്പി(11.32), ഷൊർണൂർ(11.50), ഒറ്റപ്പാലം(12.10), പാലക്കാട്(1.05).
പാലക്കാട്-കോഴിക്കോട്(06031): പാലക്കാട്(ഉച്ചയ്ക്ക് 1.50), ഒറ്റപ്പാലം(2.16), ഷൊർണൂർ(3.35), പട്ടാമ്പി(3.50), കുറ്റിപ്പുറം(4.07), തിരൂർ(4.21), താനൂർ(4.30), പരപ്പനങ്ങാടി(4.39), ഫറോക്ക്(4.52), കോഴിക്കോട്(5.35).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |