കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്കിൽ പ്രതിഷേധം ഇരമ്പി. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ ഹർത്താലിന് സമാനമായിരുന്നു പലയിടങ്ങളിലെയും അവസ്ഥ.
പലഭാഗത്തും കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. കണ്ടക്ടറെ മർദ്ദിച്ചതായും പരാതി ഉയർന്നു. കായംകുളത്ത് നിന്ന് കൊല്ലത്തേക്ക് വന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ശ്രീകാന്തിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ കൊല്ലം ഡിപ്പോയ്ക്ക് സമീപം എത്തിയ ബസ് തടഞ്ഞ സമരക്കാർ ബസിനുള്ളിൽ കയറി മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് ശ്രീകാന്ത് പറയുന്നത്.
കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികൾ തടഞ്ഞു. റിസർവേഷൻ യാത്രക്കാർ ഉൾപ്പടെയുള്ളവർ ബസിലുണ്ടായിരുന്നു. സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു. ആയൂരിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിച്ചതായും ആരോപണമുണ്ട്. പോസ്റ്റ് ഓഫീസ് പൂട്ടി പുറത്തിറങ്ങിയ താത്കാലിക ജീവനക്കാരനായ ആയൂർ സ്വദേശി നന്ദുവിനാണ് മർദ്ദനമേറ്റത്.
പത്തനാപുരത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തെ ഔഷധി സബ് സെന്റർ നിർബന്ധിച്ച് അടപ്പിച്ചു. തെക്കൻ ജില്ലകളിലേക്കുള്ള മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്ന പ്രധാനകേന്ദ്രമാണിത്. ജീവനക്കാരും സമരാനുകൂലികളും തമ്മിൽ വാക്കേറ്റവും ഉണ്ടായി. പത്തനാപുരത്ത് സ്വകാര്യ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും തടഞ്ഞു. വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായി. ചിന്നക്കടയിൽ സിമന്റുമായി പോയ ബൾക്കർ വാഹനം സമരാനുകൂലികൾ തടഞ്ഞു. തൂത്തുക്കുടിയിൽ നിന്ന് തൊടുപുഴയിലേക്ക് പാലം പണിക്ക് സിമന്റുമായി പോയ വാഹനമാണ് തടഞ്ഞ് കൊടികെട്ടിയത്. ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കൊല്ലം പള്ളിമുക്കിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ ലോറി തടഞ്ഞു. ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞു.
ഹെഡ് പോസ്റ്റ് ഓഫീസ് ഗേറ്റിന് മുന്നിൽ സമരക്കാർ കസേരയിട്ടിരുന്നു. ജീവനക്കാർ എത്തിയിട്ടും തുറക്കാൻ സമ്മതിച്ചില്ല. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. നഗരത്തിലെ ഉൾപ്പടെ പമ്പുകളും അടപ്പിച്ചു. റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഭവന നിർമ്മാണ ബോർഡ് ഓഫീസ് സമരാനുകൂലികൾ പ്രകടനമായെത്തി പൂട്ടിച്ചു. വനിതാ ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയാണ് ഓഫീസ് അടപ്പിച്ചത്.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ തുറന്ന കടകൾ പ്രതിഷേധക്കാർ അടപ്പിച്ചു. ചുരുക്കം ചില ഓട്ടോറിക്ഷകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനം നടത്തി.
കെ.എസ്.ആർ.ടി.സി ബസും തടഞ്ഞു
ജോലി ചെയ്യാൻ തത്പരരായെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഉൾപ്പടെ പിന്തിരിപ്പിച്ചു. കൊട്ടാരക്കരയിലും ചടയമംഗലത്തും സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. പത്തനാപുരത്തും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി. പലയിടത്തും ദൂരയാത്രയ്ക്കായി ഡ്യൂട്ടി ക്രമപ്പെടുത്തി കണ്ടക്ടർമാർ എത്തിയപ്പോൾ ഡ്രൈവർമാർ ഇല്ലാത്ത അവസ്ഥയുണ്ടായി. മുൻകൂട്ടി ബുക്ക് ചെയ്ത് യാത്രക്കിറങ്ങിയ യാത്രക്കാരും വലഞ്ഞു. സ്വകാര്യ ബസുകളും ഓടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |