കൊല്ലം: അമ്മ പകുത്തുനൽകിയ കരളുമായി ആഗസ്റ്റിൽ ജർമ്മനിയിലേക്ക് പറക്കുന്ന എസ്.സുജിത്തിന് ഒരു ലക്ഷ്യം മാത്രം. ഇന്ത്യയ്ക്ക് ഒരു മെഡൽ.
കൊല്ലം കിളികൊല്ലൂർ ആലുവിള വീട്ടിൽ എസ്.സുരേന്ദ്രൻ- ജി.താര ദമ്പതികളുടെ മൂത്തമകനായ സുജിത്തിന് മുപ്പത്തിരണ്ടാം വയസിലും ആവേശം ചോർന്നിട്ടില്ല. പക്ഷേ, ഹോക്കിയിൽ സംസ്ഥാന താരം വരെ ആയിരുന്ന സുജിത്തിനെ കരൾ
രോഗം റിലേയിൽ കൊണ്ടെത്തിച്ചു.
ആഗസ്റ്റ് 16 മുതൽ 24 വരെ ജർമ്മനിയിൽനടക്കുന്ന ട്രാൻസ്‌പ്ളാന്റ് ഗയിംസിൽ (അവയവങ്ങൾ മാറ്റിവച്ചവരുടെ ഗയിംസ്) 100, 200 മീറ്റർ റിലേയിലാണ് മത്സരിക്കുന്നത്.
2019ൽ വെളിച്ചക്കാല ബദരിയ ബി.എഡ് കാേളേജിൽ കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരിക്കേ ഹോക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കൊല്ലം ജില്ലാ ടീമിലും അംഗമായിരുന്നു. അതിനുള്ള പരിശീലനം തുടരവേയാണ് വീട്ടിൽ വച്ച് രക്തം ഛർദ്ദിച്ചത്. എറണാകുളത്തെ അമൃത ആശുപത്രിയിൽ 'വിൽസൺ ഡിസീസ്' സ്ഥിരീകരിച്ചു. ജൂലായ് 18ന് അമ്മ താരയുടെ കരൾ വച്ചുപിടിപ്പിക്കുമ്പോൾ, പ്രായം 26.
2023ൽ കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ ട്രാൻസ്‌പ്ളാന്റ് ഗയിംസിൽ 100, 200 മീറ്റർ ഓട്ടത്തിൽ വെള്ളി നേടി. കഴിഞ്ഞ മേയിൽ ഹരിയാന ഫരീദാബാദിൽ ട്രാൻസ്‌പ്ളാന്റ് താരങ്ങളുടെ ക്യാമ്പിൽ നടത്തിയ മികച്ച പ്രകടനമാണ് അന്താരാഷ്ട്ര മത്സരത്തിന് അവസരമൊരുക്കിയത്. ഓർഗൻ ഇന്ത്യയാണ് മെയിൻ സ്പോൺസൺ.
ഹോക്കിയിൽ കേരള താരമായി
2012ൽ സെക്കന്തരാബാദിൽ നടന്ന ജൂനിയർ നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച താരമാണ്.
കൊല്ലം എസ്.എൻ കോളേജിൽ ബി.എ ബിരുദ വിദ്യാർത്ഥിയായിരിക്കെ കോളേജ് ടീം ക്യാപ്ടനും കേരള യൂണിവേഴ്സിറ്റി ടീം അംഗവുമായി. ബി.പി-എഡ്, എം.പി-എഡ് യോഗ്യതകൾ നേടി.
പി.എസ്.സി പരീക്ഷയിൽ ജില്ലയിലെ ഒന്നാം റാങ്കോടെ സർക്കാർ സ്കൂളിൽ (ജി.എച്ച്.എസ്.എസ്, പണയിൽ, പെരിനാട്) കായികാദ്ധ്യാപകനായി ജോലി നോക്കുകയാണ്. 2018ൽ അഭിരാമിയെ വിവാഹം ചെയ്തു. ശിവേദ്യ (4), ശിവമി (2) എന്നിവർ മക്കൾ.
ജീവിതം മാത്രമല്ല, എന്റെ സ്വപ്നങ്ങളെക്കൂടിയാണ് അമ്മ പുനരുജ്ജീവിപ്പിച്ചത്.
സുജിത്ത് സുരേന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |