ഗുരുഗ്രാം: കളിയിൽ ശ്രദ്ധിക്കാതെ ഇൻസ്റ്റാഗ്രാമിൽ റീൽസിടുന്നതിൽ മുഴുകിയ വനിതാ ടെന്നിസ് താരത്തെ പിതാവ് വെടിവച്ചുകൊന്നു. രാധിക യാദവാണ് (25)കൊല്ലപ്പെട്ടത്. ഹരിയാന ഗുരുഗ്രാം സെക്ടർ 57-ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടിൽ ഇന്നലെയാണ് സംഭവം. സംസ്ഥാനതലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ്. സംഭവത്തിൽ പിതാവ് ദീപക്ക് യാദവിനെ പൊലീസ് അറസ്റ്റുചെയ്തു. തോക്കും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന രാധിക സ്ഥിരമായി റീൽസുകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതിനെ പിതാവ് എതിർത്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടർന്നാണ് ആക്രമണം. അഞ്ചുതവണ മകൾക്കുനേരെ വെടിയുതിർത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഹരിയാന പൊലീസ് അറിയിച്ചു.
മുടിവെട്ടാൻ പറഞ്ഞതിന് കുട്ടികൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു
ഹിസാർ: ഹരിയാനയിൽ മുടി വെട്ടാനും ഷർട്ട് ഇൻസേർട്ട് ചെയ്യാനും ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പലിനെ പ്ലസ്ടു വിദ്യാർത്ഥികൾ കുത്തിക്കൊന്നു. കർത്താർ മെമ്മോറിയൽ സീനിയർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിംഗാണ് (50) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10.30ഓടെ സ്കൂൾ പരിസരത്താണ് സംഭവം. ജഗ്ബീർ സിംഗ് നിരന്തരം അച്ചടക്കം പാലിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ രണ്ട് വിദ്യാർത്ഥികൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അഞ്ചുതവണ കുത്തേറ്റ ഇദ്ദേഹത്തെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട വിദ്യാർത്ഥികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചെന്നും സംഭവത്തിൽ കേസെടുത്തെന്നും ഹിസാർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |