തിരുവനന്തപുരം/കണ്ണൂർ: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ജയിൽ മോചനം രണ്ടു ദിവസത്തിനകമുണ്ടാകും. മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ വ്യാഴാഴ്ച അംഗീകരിച്ചിരുന്നു. വിജ്ഞാപനം ആഭ്യന്തര വകുപ്പ് ഇറക്കണം. ഇത് ജയിൽ മേധാവി വഴി കണ്ണൂരിലെ വനിതാ ജയിലിലെത്തിച്ചാലേ മോചനം സാധ്യമാവൂ. ഈ മാസം ഏഴു മുതൽ 22 വരെ പരോളിലാണെങ്കിലും അതു റദ്ദാക്കി ജയിലിൽ തിരിച്ചെത്തി നടപടികൾ പൂർത്തിയാക്കും.
14 വർഷം ശിക്ഷ പൂർത്തിയാക്കിയതോടെ ഷെറിൻ ഇളവിന് അപേക്ഷ നൽകുകയായിരുന്നു. ഷെറിൻ അടക്കം 11തടവുകാരെ വിട്ടയയ്ക്കുന്നുണ്ട്.
മാനുഷിക പരിഗണനയും കുടുംബിനി എന്ന പരിഗണനയും അടിസ്ഥാനമാക്കിയാണ് ഷെറിനെ വിട്ടയക്കുന്നത്. വിട്ടയക്കേണ്ടവരുടെ പട്ടികയിൽ ഷെറിനെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിന്റെ പട്ടിക തിരിച്ചയച്ചിരുന്നുവെങ്കിലും പിന്നീട് അംഗീകരിച്ചു. 2009ലാണ് ഭർതൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേർന്ന് വീടിനുള്ളിൽ കൊലപ്പെടുത്തിയത്.
വിവാദങ്ങൾ തുടർച്ച
പുനലൂർ സ്വദേശിയായ ഷെറിന് അടിക്കടി പരോൾ കിട്ടിയതും മൊത്തം 500 ദിവസം പരോൾ ലഭിച്ചതും വിവാദമായിരുന്നു. സർക്കാരിലെ ഉന്നത ബന്ധമാണ് മോചനത്തിനു പിന്നിലെന്നും മറ്റ് തടവുകാർക്കില്ലാത്ത പരിഗണന ലഭിക്കുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.
മാനസാന്തരം വന്നുവെന്നും നല്ല പെരുമാറ്റമാണെന്നും കാട്ടിയാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി ഷെറിന് ഇളവ് നൽകാമെന്ന് ശുപാർശ ചെയ്തത്. മന്ത്രിസഭ ഇത് അംഗീകരിച്ച് ഒരുമാസത്തിനകം സഹതടവുകാരിയെ മർദ്ദിച്ചതിന് ഷെറിനെതിരെ കേസെടുത്തു.
ഡിസംബർ 7ന് രാവിലെ 7.45ന് കുടിവെള്ളം എടുക്കാൻ പോവുകയായിരുന്ന മയക്കുമരുന്ന് കേസിലെ തടവുകാരിയായ ജൂലിയെ ഷെറിനും മറ്റൊരു തടവുകാരി ഷബ്നയും മർദിച്ചതായി കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷെറിൻ ഒന്നാം പ്രതിയാണ്.
ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടർന്ന് രണ്ട് തവണ ഷെറിനെ ജയിൽ മാറ്റിയിരുന്നു. ഒടുവിലാണ് കണ്ണൂരിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |