കൊച്ചി: വ്യാജമായ മാനഭംഗ ആരോപണം ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി. കുറ്റവിമുക്തനാക്കിയാലും കളങ്കം വിടാതെ പിന്തുടരും. അത്തരമൊരു കേസിൽ അറസ്റ്റിലായാൽ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവിൽ പറയുന്നു. മാനഭംഗക്കേസിൽ പ്രതിചേർത്തിരുന്ന മലപ്പുറം സ്വദേശി സമീർ ഇബ്രാഹിമിന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
യുവതീയുവാക്കൾ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം മാനഭംഗ ആരോപണം ഉന്നയിക്കുന്ന കേസിൽ കോടതികൾ ജാഗ്രത കാണിക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. ഇത്തരം കേസുകളിൽ സാഹചര്യങ്ങൾ പരിശോധിക്കാതെ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുകയും നീതികേടാവുകയും ചെയ്യും. സമ്മതപ്രകാരമുള്ള ബന്ധത്തിന് ശേഷം മാനഭംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ മാറിയ സാഹചര്യങ്ങളും കോടതികൾ കണക്കിലെടുക്കണമെന്ന് കോടതി വ്യക്തമാക്കി.
ഹർജിക്കാരനുമായി സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു.
യുവതി കഴിഞ്ഞ നവംബർ മൂന്നിന് ട്രെയിനിൽ കോഴിക്കോട് എത്തുകയും ഹർജിക്കാരനോടൊപ്പം വയനാടിലേക്ക് പോവുകയും ചെയ്തു. ഇതിനിടെ താമരശ്ശേരിയിലും തിരൂരും ഹോട്ടൽ മുറിയിൽ വച്ച് മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി. ഉഭയസമ്മത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് തന്നെ വ്യക്തമാണെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |