കണ്ണൂർ: വളപട്ടണത്ത് റെയിൽ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. ലോക്കോപൈലറ്റിന്റെ അതീവ ജാഗ്രതയിൽ ഒഴിവായത് വൻ അപകടം.ഇന്നലെ പുലർച്ചെ രണ്ടോടെയാണ് കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്. ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതിനാൽ അപകടം ഒഴിവായി.തുടർന്ന് അൽപനേരം ട്രെയിൻ നിർത്തിയിട്ടു.റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസും ആർ.പി.എഫും അന്വേഷണം ഊർജിതമാക്കി.
വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. സ്ലാബിന് മുകളിൽ ട്രെയിൻ കയറിയിരുന്നു. ട്രെയിൻ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തി പരിശോധിച്ചപ്പോഴാണ് തകർന്ന കോൺക്രിറ്റ് സ്ലാബ് കണ്ടത്തിയത്. റോഡുകളിലും ട്രാ ക്കുകളിലും കാണപ്പെടുന്ന കുഴികൾ മൂടാൻ ഉപയോഗിക്കുന്ന സ്ലാബാണ് ട്രാക്കിൽ കണ്ടെത്തിയത്. സമീപത്തെ സി.സി.ടി.വികളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.അപകടം ഉണ്ടാക്കാനായി ആരോ മനപൂർവം കൊണ്ടുവന്നിട്ടതാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
എക്സ്പ്രസ് ട്രെയിനിന് തൊട്ട് മുൻപ് രാജധാനി എക്സ്പ്രസ് പോയിരുന്നു. അപ്പോൾ ട്രാക്കിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നെന്നും ഇതിന് ശേഷം ആരോ സ്ലാബ് കൊണ്ടുവന്നിട്ടതാകാനാണ് സാധ്യതയെന്നും റെയിൽവേ പൊലീസ് പറഞ്ഞു.റെയിൽ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിൽ വച്ചത്.
അട്ടിമറി ശ്രമം തള്ളിക്കളയാനാകില്ല
കഴിഞ്ഞ ഏപ്രിൽ 27ന് കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. ട്രാക്കിന് സമീപം തീയിട്ടശേഷം പാളത്തിൽ കരിങ്കല്ലുകളും തടികളും നിരത്തി. കോട്ടിക്കുളം ചിറമലിൽ നടന്ന സംഭവത്തിൽ ഒരാൾ പിടിയിലായിരുന്നു. റെയിൽവേ ട്രാക്കിന് സമീപം തീയിട്ടും പാളത്തിൽ കരിങ്കലും മരത്തടികളും പാകിയായിരുന്നു അട്ടിമറി ശ്രമം.ജില്ലയിലും അടുത്തിടെയായി ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണമുണ്ടായിരുന്നു.ട്രെയിനു നേരെ കല്ലേറ് ഉൾപ്പെടെയുള്ള സംഭവങ്ങൾ ജില്ലയിൽ അടുത്തിടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |