താറുമാറായി ഭരണ സംവിധാനം
ഓൺലൈൻ അഡ്മിനിൽ നിന്ന് വി.സിയെ പുറത്താക്കി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി.സിയും സസ്പെൻഷനിലുള്ള രജിസ്ട്രാറും തമ്മിലുള്ള അങ്കക്കലിയിൽ താറുമാറായി ഭരണ സംവിധാനം. ഉന്നതരുടെ പടവെട്ടിൽ നട്ടംതിരിഞ്ഞ് ജീവനക്കാർ.
ഓഫീസിൽ കയറുന്നത് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ വിലക്കിയത് വകവയ്ക്കാതെ ഇന്നലെയും സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ സർവകലാശാലയിലെത്തി. ഓൺലൈനായി ഫയലുകൾ പരിശോധിച്ച് തീരുമാനമെടുക്കാനുള്ള സംവിധാനത്തിലെ അനിൽകുമാറിന്റെ ലോഗിൻ ഐ.ഡി വി.സിയുടെ നിർദ്ദേശപ്രകാരം റദ്ദാക്കി. രജിസ്ട്രാറുടെ ചുമതല വി.സി നൽകിയിട്ടുള്ള പ്ലാനിംഗ് ഡയറക്ടർ ഡോ.മിനികാപ്പൻ അയച്ച 25ഫയലുകൾ വി.സി അംഗീകരിച്ചു. അനിൽകുമാർ അയച്ച മൂന്നുഫയലുകൾ ജോയിന്റ് രജിസ്ട്രാർക്ക് തിരിച്ചയച്ചു.
തിരിച്ചടിയായി ഓൺലൈൻ സംവിധാനത്തിലെ അഡ്‌മിനിസ്ട്രേറ്ററുടെ ലോഗിനിൽ നിന്ന് വി.സിയെ പുറത്താക്കി. അതു ചെയ്തത്
സിൻഡിക്കേറ്റംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർസെന്റർ ഡയറക്ടറെയും സോഫ്‌റ്റ്‌വെയർ സേവനം നൽകുന്ന സ്വകാര്യകമ്പനിയെയും വിരട്ടിയാണ്. അനിൽകുമാറിന് വീണ്ടും ലോഗിൻ ഐ.ഡി നൽകുകയും വി.സി ചുമതല നൽകിയ രജിസ്ട്രാർ മിനികാപ്പന്റെ ലോഗിൻ ഐ.ഡി റദ്ദാക്കുകയും ചെയ്തു. ഫയലുകളെല്ലാം അനിൽകുമാറിന് മുന്നിലെത്തി. മിനികാപ്പനെയും ഉദ്യോഗസ്ഥരെയും സിൻഡിക്കേറ്റംഗങ്ങൾ ഭീഷണിപ്പെടുത്തിയതായും പരാതിയുയർന്നു.
ഫയലുകൾ അനിൽകുമാർ വി.സിക്ക് അയച്ചുകൊടുത്ത് വെല്ലുവിളി ഉയർത്തി. ഒരെണ്ണം പോലും പരിഗണിച്ചില്ലെന്നു മാത്രമല്ല, ഡോ.അനിൽകുമാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം നിയമവിരുദ്ധമായിരിക്കുമെന്ന് വി.സി ഉന്നതഉദ്യോഗസ്ഥരെ അറിയിച്ചു. അനിൽകുമാർ പരിശോധിക്കുന്ന ഫയലുകൾ തനിക്ക് അയയ്ക്കരുതെന്ന് ജോയിന്റ് രജിസ്ട്രാർമാർക്ക് കർശന നിർദേശം നൽകി. അത്യാവശ്യ ഫയലുകൾ നേരിട്ട് അയയ്ക്കാനാണ് നിർദ്ദേശം. അനിൽകുമാറും മിനികാപ്പനും രജിസ്ട്രാറുടെ ചുമതലകൾ നിർവഹിക്കുന്നതിനാൽ രണ്ട് രജിസ്ട്രാർമാരെന്ന അസാധാരണ സാഹചര്യം തുടരുകയാണ്. ഒഴിവാക്കണമെന്ന് മിനികാപ്പൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇത്തരമൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു.
സിൻഡിക്കേറ്റ് വിളിക്കാൻ
വിസമ്മതിച്ച് വി.സി
സിൻഡിക്കേറ്റിന്റെ അടിയന്തരയോഗം വിളിക്കാൻ ഇടത്അംഗങ്ങൾ വി.സിക്ക് കത്തുനൽകി. രണ്ടുമാസത്തിലൊരിക്കലാണ് ചേരേണ്ടത്. കഴിഞ്ഞ ഞായറാഴ്ച ചേർന്നതിനാൽ ഉടൻ ഇല്ലെന്നാണ് വി.സിയുടെ നിലപാട്. വി.സിയുടെ ഭാര്യയുടെ കുടുംബവീട്ടിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധമുണ്ടായിരുന്നു. തനിക്കും കുടുംബത്തിനും സുരക്ഷയില്ലാത്ത സാഹചര്യത്തിൽ സർവകലാശാല പ്രവർത്തനം നിയമപ്രകാരമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സിൻഡിക്കേറ്റ് യോഗം വിളിക്കൂവെന്നാണ് വിസിയുടെ നിലപാട്.
രജിസ്ട്രാറുടെ നിയമനവും കുരുക്കിൽ
ശാസ്താംകോട്ട ഡി. ബി കോളേജ് പ്രിൻസിപ്പാളായിരുന്ന ഡോ.അനിൽകുമാറിനെ രജിസ്ട്രാറായി നിയമിച്ചത് സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗങ്ങൾ കോടതിയിൽ ചോദ്യംചെയ്യും. സർക്കാർ കോളേജിലെയോ അദ്ധ്യാപകരെയേ രജിസ്ട്രാറായി നിയമിക്കാനാവൂ. എയ്ഡഡ് കോളേജിലെ അനിൽകുമാറിന്റെ നാലുവർഷ കാലാവധി പൂർത്തിയായപ്പോൾ ഫെബ്രുവരിയിൽ വീണ്ടും നാലുവർഷത്തേക്ക് പുനർനിയമിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ സമാനമായ കേസുണ്ടായപ്പോൾ ഹൈക്കോടതി വിധിപറയും മുൻപേ രജിസ്ട്രാർ രാജിവച്ചൊഴിഞ്ഞിരുന്നു.
കേന്ദ്രസുരക്ഷ ആവശ്യപ്പെടും
സർവകലാശാലയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗങ്ങൾ ഹൈക്കോടതിയിൽ നൽകുന്ന ഹർജിയിലാവശ്യപ്പെടും. പൊലീസ് പരാജയപ്പെട്ടതായി കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി കൈയടക്കിയുള്ള എസ്.എഫ്.ഐ സമരം ചൂണ്ടിക്കാട്ടി ഹർജിയിൽ അറിയിക്കും. രജിസ്ട്രാർ രേഖകൾ കടത്താനിടയുണ്ടെന്നും ചൂണ്ടിക്കാട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |