കൊച്ചി: കേസൊതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ശേഖർ കുമാറിനെതിരെ നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചത് വിജിലൻസിന് പിടിവള്ളിയായി. കേസിലെ നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും ശേഖർ കുമാറും തമ്മിൽ പ്രത്യേക ആപ്പിലൂടെ സംസാരിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. പ്രതികളുടെ ഫോണുകൾ നേരത്തെ പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്‌ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിലാണ് വിലപ്പെട്ട വിവരങ്ങൾ വിജിലൻസിന് ലഭിച്ചത്.
ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള വിജിലൻസ് നീക്കത്തിനിടെയാണ് പുതിയ തെളിവുകൾ ലഭിച്ചത്. കൈക്കൂലിക്കേസിൽ ശേഖർ കുമാറിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചയ്‌ക്കകം ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. രണ്ടാഴ്ചകകം ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് വിജിലൻസ് തീരുമാനം.
കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് എന്നിവരാണ് മറ്റ് പ്രതികൾ. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖർ കുമാറിനെ ഇ.ഡി ഷില്ലോംഗിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഫേസ് ടൈം ആപ്പ്
ഐ ഫോണിൽ നിന്ന് ഐ ഫോണിലേക്ക് മാത്രം വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന 'ഫേസ് ടൈം" എന്ന ആപ്പ് വഴിയാണ് ശേഖർ കുമാറും രഞ്ജിത്ത് വാര്യരും ബന്ധപ്പെട്ടതെന്നാണ് വിവരം. ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാം. ശേഖർ കുമാറും രഞ്ജിത്തും പലവട്ടം ഓഡിയോ കോൾ ചെയ്തതിന്റെ തെളിവുകളാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |