സൂര്യയും മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന 'കാപ്പാൻ' എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ അവതാരകയെ തിരുത്തി സൂര്യ. പ്രസ് മീറ്റിൽ സംസാരിക്കവേ അവതാരക സൂര്യ ആൻഡ് മോഹൻലാൽ എന്നാണ് പറഞ്ഞത്. തുടർന്നാണ് സൂര്യ രംഗത്തെത്തിയത്. 'നിങ്ങൾ പറഞ്ഞതിൽ ഒരു ചെറിയ 'കറക്ഷൻ' വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. 'സൂപ്പർസ്റ്റാർസ് സൂര്യ ആൻഡ് മോഹൻലാൽ' എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി. മോഹൻലാലിനൊപ്പം വേദിയിൽ നിൽക്കവേയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
'മോഹൻലാൽ സർ ഒരു വലിയ ആൽമരമാണ്. ഞാൻ ഒരു ചെറിയ കൂണും. ഒരു വേദിയിൽ ഒരുമിച്ചു നിൽക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല,' സൂര്യ കൂട്ടിച്ചേർത്തു.
മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകൻ കെ വി ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കും എന്നും സൂര്യ പറഞ്ഞു.
'കാപ്പാൻ' എന്ന ചിത്രത്തിൽ തന്നെ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ തന്റെ തിരക്കുകൾ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നു എന്ന് മോഹൻലാൽ. സംവിധായകൻ കെ.വി. ആനന്ദിന്റെ നിരന്തരമായ നിർബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തേണ്ട സ്ഥിതിയായി പിന്നീട്.
'കെ വി ആനന്ദ്, ആന്റണി പെരുമ്പാവൂർ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ യെസ് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ ഈ സിനിമ ചെയ്യാൻ എടുത്ത തീരുമാനം ശരിയാണ് എന്ന് ബോദ്ധ്യമായെന്ന് മോഹൻലാൽ വ്യക്തമാക്കി.
രക്ഷകൻ എന്ന് അർത്ഥം വരുന്ന 'കാപ്പാൻ' എന്ന ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്റിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പ്രധാനമന്ത്റിയുടെ സ്‌പെഷ്യൽ പ്രാട്ടക്ഷൻ ഗ്രൂപ്പ് കമാൻഡോ ആയി സൂര്യ എത്തുന്നു. സയേഷയാണ് നായിക. സയേഷയുടെ ഭർത്താവ് ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 20ന് പ്രദർശനത്തിനെത്തും. കേരളത്തിലും അതേ ദിവസം തന്നെ റിലീസ് ചെയ്യപ്പെടുന്ന 'കാപ്പാന്റെ' കേരള വിതരണ അവകാശം മുളകുപാടം ഫിലിംസിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |