ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ സൈന്യം നടൻ മോഹൻലാലിനെ ആദരിച്ചിരുന്നു. ടെറിറോട്ടിയൽ ആർമിയുടെ ഓണററി ലെഫ്റ്റനന്റ് കേണലെന്ന നിലയിൽ ഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ഓഫീസിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ ആദരിച്ചത്. താടി നിലനിറുത്തിയിരുന്നെങ്കിലും സൈനിക വേഷത്തിലായിരുന്നു ലാൽ. ഇപ്പോഴിതാ സൈനിക വേഷത്തിലെ മോഹൻലാലിന്റെ താടിയിൽ വിമർശനം ശക്തമാവുകയാണ്. സൈനിക യൂണിഫോം ധരിക്കുമ്പോൾ താടി വടിച്ചിരിക്കണമെന്നാണ് ചട്ടം.
സിനിമാമേഖലയിലെ അതുല്യനേട്ടത്തിന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, കമൻഡേഷൻ ബാഡ്‌ജ് സമ്മാനിച്ചാണ് മോഹൻ ലാലിനെ ആദരിച്ചത്. മോഹൻലാൽ സേനയുടെ അഭിമാനമെന്ന് കരസേന മേധാവി പ്രകീർത്തിച്ചു. കരസേന മേധാവിയുമായി ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് ലാൽ മടങ്ങിയത്. 2009 ജൂലായിലാണ് അദ്ദേഹത്തിന് ഹോണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയുടെ ഗുഡ്‌വിൽ അംബാസഡർ കൂടിയാണ് മോഹൻലാൽ.
സിഖ് വിഭാഗക്കാർക്ക് മാത്രമാണ് താടിയുടെ കാര്യത്തിൽ സൈന്യത്തിൽ ഇളവുള്ളത്. യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സേനാ ആസ്ഥാനത്തുനിന്ന് കൃത്യമായ നിർദേശം നൽകണമെന്ന് ചിത്രം പങ്കിട്ട് നാവികസേന മുൻ മേധാവി അഡ്‌മിറൽ അരുൺ പ്രകാശ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചതാണ് വിമർശനങ്ങൾക്ക് ശക്തി പകരുന്നത്. സമാന വിമർശനം പല മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉയർത്തിയിട്ടുണ്ട്.
അതേസമയം, ജീവിതത്തിലെ അമൂല്യവും അപൂർവവുമായ മുഹൂർത്തമെന്നാണ് സേനയുടെ ആദരവ് സ്വീകരിച്ചതിന് പിന്നാലെ മോഹൻലാൽ പ്രതികരിച്ചത്. ആദരവിന് കരസേനയ്‌ക്ക് നന്ദി. 16 വർഷമായി ടെറിട്ടോറിയൽ ആർമിയിലുണ്ട്. ധാരാളം കാര്യങ്ങൾ സേനയ്‌ക്കായി ചെയ്‌തു. ഇനിയത് എങ്ങനെ വർദ്ധിപ്പിക്കാമെന്നത് സേനാമേധാവിയുമായി സംസാരിച്ചു. കേരളത്തിലെ ടെറിട്ടോറിയൽ ആർമിയുടെ വളർച്ചയ്‌ക്ക് എന്തു സംഭാവന ചെയ്യാൻ കഴിയുമെന്നത് ചർച്ചയായി. സൈന്യത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും രാജ്യസ്നേഹം വളർത്താനും കൂടുതൽ പ്രവർത്തനങ്ങൾ നടത്തും. കരസേന പ്രമേയമായ കൂടുതൽ സിനിമകളിൽ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |