കൊച്ചി: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നതിനു ശേഷം ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ, അൺ എയ്ഡഡ് സ്കൂളുകളിലായി അയ്യായിരത്തിലേറെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. മെറിറ്റ് വേക്കൻസിയിൽ 2,783 സീറ്റുകളും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ 22 സീറ്റുകളും അൺ എയ്ഡഡ് മേഖലയിൽ 2,978ഉം ഉൾപ്പടെ 5,783 സീറ്റുകളാണ് ഒഴിവുള്ളത്.
മാർജിനൽ സീറ്റുകൾ എന്ന നിലയിൽ ജില്ലയിലെ വിവിധ സ്കൂളുകളിലായി കഴിഞ്ഞയിടെ 50 സീറ്റുകൾ കൂടി വർദ്ധിപ്പിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 57 സ്കൂളുകളിലായി 335 സീറ്റുകൾ വർദ്ധിപ്പിച്ചതിനൊപ്പമാണ് ജില്ലയിൽ 50 സീറ്റുകൾ വർദ്ധിപ്പിച്ചത്. പ്രാദേശിക പരിഗണനകൾ കണക്കിലെടുത്ത് സ്കൂളുകൾ സമർപ്പിച്ച അപേക്ഷ അംഗീകരിച്ചായിരുന്നു സീറ്റ് വർദ്ധന. അതിനിടെയാണ് 5,000ലേറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകൾ പുറത്തുവന്നത്.
കഴിഞ്ഞ തവണ 5,675 സീറ്റുകളാണ് പ്രവേശനം നേടാതെ കിടന്നിരുന്നത്. ഏഴ് താലൂക്കുകളിലായി 37,900 സീറ്റുകൾ ഉണ്ടായിരുന്നതിൽ 32,225 പേർ മാത്രമാണ് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി കഴിഞ്ഞ തവണ പ്രവേശനം നേടിയത്.
ആകെ 11,640 സീറ്റുകളുണ്ടായിരുന്ന സർക്കാർ മേഖലയിൽ 1,672ഉം 20,460 സീറ്റുകൾ ഉണ്ടായിരുന്ന എയ്ഡഡ് മേഖലയിൽ 1,244ഉം 5,800 സീറ്റുകളുണ്ടായിരുന്ന അൺ എയ്ഡഡ് മേഖലയിൽ 2,759ഉം സീറ്റുകളാണ് മുൻ വർഷം ഒഴിഞ്ഞു കിടന്നത്.
23ൽ ആളെത്തിയത് ആകെ ഒരു സീറ്റിന് മാത്രം
നേരത്തെ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഒഴിഞ്ഞു കിടന്ന 23ൽ ആകെ ഒരു സീറ്റ് മാത്രമാണ് ഫില്ലായത്. ജൂൺ 14 മുതൽ 20 വരെയായിരുന്നു പ്ലസ് വൺ അപേക്ഷയ്ക്കുള്ള സമയം. ജൂൺ 16ന് മൂന്ന് ഘട്ട അലോട്ട്മെന്റുകളും പൂർത്തീകരിച്ച് 18ന് ക്ലാസുകൾ ആരംഭിച്ചിരുന്നു.
16നാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുക. മെറിറ്റിൽ മിച്ചമുള്ള സീറ്റുകൾ മാത്രമാണ് രണ്ടാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കുകയെന്നതും ശ്രദ്ധേയം.
ജില്ലയിൽ
പ്രവേശനം നേടിയത്----32,173
മെറിറ്റ് മിച്ചം സീറ്റ്---- 2,783
മോഡൽ റെസിഡെൻഷ്യൽ സ്കൂൾ മിച്ചം---- 22
അൺ എയ്ഡഡ് മിച്ചം---- 2,978
ആകെ ഒഴിവുള്ള സീറ്റുകൾ---- 5,783
കഴിഞ്ഞവർഷം
സയൻസിന് 2,827 സീറ്റുകളിൽ ആളെത്തിയില്ല. 21,300 സീറ്റിൽ പ്രവേശനം നേടിയത് 18,473 പേർ
കൊമേഴ്സിന് മൂന്ന് വിഭാഗങ്ങളിലും കൂടെയുണ്ടായിരുന്നത് 11,660 സീറ്റ്. പ്രവേശനം നേടിയത് 9,847. സീറ്റ് ഒഴിവ് 1,813.
ഹ്യുമാനിറ്റീസിന് മൂന്ന് വിഭാഗങ്ങളിലുമായുള്ള 4,940ൽ 3,905 സീറ്റുകൾ ഫില്ലായി. കാലിയായിരുന്നത് 1,035 സീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |