കൊച്ചി: പോള ശല്യത്തിന് പരിഹാരം കാണാൻ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ തിങ്കളാഴ്ച വിദഗ്ദ്ധരുടെ യോഗം. ഫ്യൂച്ചർ കേരള മിഷൻ പദ്ധതിയുടെ ഭാഗമായാണ് ദൗത്യം. വേമ്പനാട് കായലിന്റെ നാലിലൊന്ന് ഭാഗത്തും ആറടി വരെ കനത്തിൽ പോളപ്പായലുകളുണ്ട്. മത്സ്യബന്ധനം, ജലഗതാഗതം, കൃഷി എന്നീ മേഖലകൾ പ്രതിസന്ധിയിലാണ്. വലകളും ബോട്ട് എഞ്ചിനുകളും നശിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയിലെത്തി. മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തേണ്ടത് നാളെയുടെ ആവശ്യമാണെന്നും ചർച്ചകളും അന്വേഷണങ്ങളുമാണ് പുതിയ ആശയങ്ങൾക്കും പരിഹാരങ്ങൾക്കും രൂപം നൽകുന്നതെന്നും ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു. ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങളിൽ നിന്ന് സംരംഭകത്വം, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകി പോളയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനാകുള്ള സാദ്ധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്റർ ഡോ. ടോം ജോസഫ് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ, കർഷകർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ, ജെയിൻ യൂണിവേഴ്സിറ്റിയിലെ ബിസിനസ് സ്കൂൾ, ഇക്കണോമിക്സ്, കൊമേഴ്സ്, ഡിസൈൻ, മറൈൻ സയൻസസ് എന്നീ വകുപ്പുകളിലെ അദ്ധ്യാപകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |