കണ്ണൂർ: സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തെ കോളേജുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ തീരുമാനം.ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ,തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി വിശദചർച്ചകൾ നടത്തി സ്റ്റാൻഡേർഡ് ഒാപ്പറേറ്റിംഗ് പ്രൊസീജിയർ രൂപീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു.ഇതിനു പുറമെ പദ്ധതിക്ക് വേണ്ടി പ്രതിവർഷ സാമ്പത്തികബാദ്ധ്യതയും കണക്കാക്കിയായിരിക്കും നടപടി.
ആഭ്യന്തര, വിദ്യാഭ്യാസം, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂൾ അധിഷ്ഠിത പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഒരുക്കിയത്. നിയമങ്ങൾ സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പൗരബോധവും ജനാധിപത്യ മര്യാദകളും സമൂഹ്യസേവന മനോഭാവവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കോളേജുകളിൽ കൂടി പദ്ധതി നടപ്പിലാക്കിയാൽ ലഹരി ഉൾപ്പെടെയുള്ള പല സാമൂഹ്യ വിപത്തുകളിൽ നിന്നും പുതുതലമുറയെ പിന്തിരിപ്പിക്കാൻ കഴിയുമെന്നാണ് പുതിയ നീക്കത്തിന് പിന്നിൽ.
സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ വിവിധ പ്രവർത്തനങ്ങൾ കോളേജ് തലത്തിൽ സ്റ്റുഡന്റ് പൊലീസിംഗിലൂടെ നടപ്പാക്കാനാകുമെന്നാണ് പുതിയ ആലോചനയ്ക്ക് പിന്നിൽ.
കോളേജ് സ്റ്റുഡന്റ് പൊലീസിൽ
ലഹരിവിരുദ്ധ പ്രവർത്തനം
മനുഷ്യക്കടത്ത്,സേഫ് മൈഗ്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ അവബോധം
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായുള്ള കർമ്മപദ്ധതികളും ഉദ്ദേശലക്ഷ്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക
ആന്റി റാഗിംഗ് 2023 ക്രിമിനൽ നിയമത്തിൽ അവബോധം
നിറയെ പദ്ധതികൾ
1.വിദ്യാർത്ഥികളിൽ സ്വയം പര്യാപ്തത,സാമ്പത്തിക ഭദ്രത എന്നിവക്കായി ചെറുകിട തൊഴിലുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന് തൊഴിൽ നൈപുണ്യവകുപ്പുമായി യോജിച്ചുള്ള പ്രവർത്തനം
2.കേരള സംസ്ഥാന ബാലാവകാശ കമ്മീഷനുമായി ചേർന്ന് ശിശു സംരക്ഷണ പദ്ധതിയുടെ പ്രധാന്യത്തെ സംബന്ധിച്ചുള്ള പരിശീലനം
3.ആരോഗ്യ വകുപ്പുമായി ചേർന്ന് ലൈംഗികാരോഗ്യം ,വ്യക്തിശുചിത്വം എന്നിവയിൽ അവബോധമുണ്ടാക്കാൽ
4.തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ഉറവിട മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച് അവബോധമുണ്ടാക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |