ശംഖുംമുഖം: വിദേശത്തു നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിമാനത്താവളം വഴി പുറത്തെത്തിക്കുമ്പോഴും മതിയായ പരിശോധന സംവിധാനങ്ങളില്ലാതെ എയർകസ്റ്റംസ് കിതയ്ക്കുന്നു. കഴിഞ്ഞ ദിവസം വിമാനത്താവളം വഴി പുറത്തുകടന്ന യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ എം.ഡി.എം.എയും 17 ലിറ്റർ വിദേശമദ്യവും നാവായിക്കുളത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരന് രണ്ട് ലിറ്റർ വിദേശമദ്യം മാത്രമേ പുറത്തേക്ക് കൊണ്ടുവരാവൂ എന്ന നിയമമുള്ളപ്പോഴാണ് 17 ലിറ്റർ മദ്യം പുറത്തെത്തിയത്. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്ക് ആകെയുള്ളത് ഒരു മൈറ്റൽ ഡിറ്റക്ടറും സ്‌ക്യാനറുമാണ്. വിമാനത്തിൽ നിന്നിറങ്ങുന്ന ലഗേജുകൾ സ്‌ക്യാനിംഗിൽ പരിശോധിക്കുമ്പോൾ സംശയം തോന്നിയാൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ലഗേജുകളുടെ മുകളിൽ മാർക്കിംഗ് നടത്തും. പിന്നീട് കൺവേയർ ബെൽറ്റിലൂടെയെത്തുന്ന ലഗേജുകൾ പരിശോധനക്കെത്തുമ്പോൾ ലഗേജിൽ മാർക്കുണ്ടെങ്കിൽ മാത്രമേ കൗണ്ടറിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കാറുള്ളൂ. എന്നാൽ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങൾ കൺവേയർബെൽറ്റിൽ നിന്ന് ലഗേജുകൾ എടുക്കുമ്പോൾത്തന്നെ മാർക്ക് ചെയ്ത ഭാഗം മറയ്ക്കുകയോ മായ്ക്കുകയോ ചെയ്യും. ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുണ്ടെങ്കിലും ഇതുവഴി എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നത് പ്രയാസമാണ്.
ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കുറവ്
100ലധികം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സേവനം വേണ്ടയിടത്ത് നിലവിലുള്ളത് 40ൽ താഴെ പേർ മാത്രം. പരിശോധനകൾക്ക് ഉദ്യോഗസ്ഥരില്ലാത്തതിനാൽ എയർകസ്റ്റംസ് യാത്രക്കാരെ നിരീക്ഷിക്കുന്നതും കാര്യക്ഷമമല്ല. 24 മണിക്കൂറും തുടർച്ചയായി കസ്റ്റംസ് സേവനം ആവശ്യമായ സ്ഥലത്ത് നിലവിലുള്ള 35കസ്റ്റംസ് ഉദ്യോഗസ്ഥർ നാലു ബാച്ചുകളായാണ് ഡ്യൂട്ടി നോക്കുന്നത്. ഇവരുടെ ഡ്യൂട്ടി സമയം കഴിഞ്ഞാലും അധികസമയം ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |