നീലേശ്വരം:കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിയുന്ന കർഷകർക്ക് ഇരുട്ടടിയായി രാസവളം വില വർദ്ധനവ്. പൊട്ടാഷിന് ചാക്കിന് ഒറ്റയടിക്ക് 250 രൂപയാണ് വർദ്ധിച്ച് 1800 രൂപയായി. നേരത്തെ 1550 രൂപയായിരുന്നു. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡി വെട്ടിക്കുറച്ചതാണ് വില കുതിച്ചുയർന്നതിന് പിന്നിൽ.
പോയ വർഷം 52,310 കോടിയായിരുന്ന സബ്സിഡി ഈ വർഷം 49,000 കോടിയായാണ് വെട്ടിക്കുറച്ചത്. 2023-24 വർഷത്തിലുണ്ടായിരുന്ന 65199 കോടിയുടെ സബ്സിഡി കഴിഞ്ഞ വർഷം വെട്ടിക്കുറച്ചാണ് 52,310 കോടിയാക്കിയത്. 2017 മുതൽ വളം സബ്സിഡി രാസവളം കമ്പനികൾക്കാണ് നൽകുന്നത്. അതെ സമയം ആധാർ മുഖേന കർഷകന് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നൽകുന്ന സംവിധാനം വരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വളത്തിന്റെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡിന് അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
കൃഷിയിടത്തിൽ ചിലവേറും
ഒരു ഹെക്ടർ നെല്ലിന് ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവ മൂന്ന് തവണയായി ഇടുന്നതിന് രണ്ടു വിളയ്ക്കുമായി വർഷം ഏക്കറിന് രണ്ടായിരം രൂപ അധികം ചെലവുവരും. തെങ്ങൊന്നിന് വർഷം മൂന്നു മുതൽ അഞ്ച് കിലോഗ്രാം വരെ രാസവളം വേണ്ടി വരും. ഇതിനായി നാലായിരം രൂപ കർഷകർ അധികം കണ്ടെത്തണം പച്ചക്കറികൾക്ക് ഏക്കറിന് 600 ഗ്രാം വളം മൂന്നു നാലു തവണയായി നൽകേണ്ടതുണ്ട്. ഏക്കറിന് 45,000 രൂപയോളം ചിലവിട്ടിടത്ത് വിലക്കയറ്റത്തോടെ അയ്യായിരം രൂപ അധികം വേണ്ടിവരും . റബ്ബറിന് ഒരേക്കറിൽ 180 മരങ്ങൾക്ക് വർഷം രണ്ടു തവണയായി 650 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വളം നൽകണം.ഏകദേശം പതിനാലായിരം രൂപ ഇതിനായി ഇനിമുതൽ അധികം കണ്ടെത്തേണ്ടിവരും.
വിലക്കയറ്റം വളപ്രയോഗ സമയത്ത് തന്നെ
ജൂൺ, ജൂലായ് മാസങ്ങളിലാണ് വെള്ളപൊക്കം വരാത്ത പാമ്പുകളിൽ തെങ്ങിനും, കവുങ്ങിനും വളപ്രയോഗം ചെയ്യാറുള്ളത്.റബ്ബറിനും ഇതേ സമയങ്ങളിലാണ് വളം നൽകുന്നത്. ക്രമാതീതമായി വില വർദ്ധിച്ചത് വലിയ തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കടുത്ത ചൂട് മൂലം ഉല്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും വളം ഇറക്കുമതി ചെയ്യാനുള്ളത്.യുദ്ധ സാഹചര്യങ്ങളും വില വർദ്ധനവിന് പിന്നിലുള്ളതായി പറയപ്പെടുന്നു.
വളം പഴയ വില വർദ്ധനവ്
പൊട്ടാഷ് ₹1550 ₹1800
18:09:18 ₹1210 ₹1,300 ആയി
ഫാക്ടംഫോസ് ₹1400-ൽ ₹1,425
ഇഫ്കോ 20:20:0:13 ₹1300 ₹ 1,350
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |