കഞ്ചിക്കോട്: രോഷാകുലനായി ഒറ്റയാൻ. ജീവനും കൈ പിടിച്ച് നാട്ടുകാർ. നിസ്സഹായ അവസ്ഥയിൽ സർക്കാർ സംവിധാനങ്ങൾ. വെള്ളിയാഴ്ച്ച ഓടിച്ച് വിട്ട ആന ഇന്നലെ രാവിലെ വീണ്ടും വാളയാറിനടുത്തുള്ള ചാവടിപ്പാറയിൽ എത്തി. ഒറ്റയാൻ സ്ഥിരമായി എത്താറുള്ള ചെല്ലൻ കാവ്, കൊട്ടാമുട്ടി, ആലാമരം, ചുള്ളിമട തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഭീതിയിലാണ്. ജനവാസ മേഖലയായ ചാവടിപ്പാറയിൽ നിലയുറപ്പിച്ചിട്ടുള്ള ഒറ്റയാന്റെ അടുത്ത നീക്കം എന്തായിരിക്കും എന്ന് ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ.
വാളയാർ വനത്തിലെ ആനകളിൽ നിന്ന് വിഭിന്നമായി അക്രമ സ്വഭാവം വെച്ചു പുലർത്തുന്ന ആനയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ ഒറ്റയാൻ. കഴിഞ്ഞമാസമാണ് ഒറ്റയാൻ കഞ്ചിക്കോട് ഭാഗത്ത് എത്തിയത്. ഒറ്റയാൻ എത്തിയതോടെ വാളയാർ, കഞ്ചിക്കോട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു. വാളയാർ മുതൽ പുതുശ്ശേരി വരെ ജനവാസ മേഖലയിലൂടെ കറങ്ങി നടന്ന് ഒറ്റയാൻ നാടിനെ വിറപ്പിച്ചു. പടക്കം പൊട്ടിക്കുകയോ വലിയ ശബ്ദം ഉണ്ടാക്കുകയോ ചെയ്താൽ ഓടിപ്പോകുന്ന വാളയാർ വനത്തിലെ ആനകളിൽ നിന്നും തികച്ചും വ്യത്യസ്ഥനാണ് ഒറ്റയാൻ. ഓടിക്കാൻ ശ്രമിക്കുന്നവർക്ക് നേരെ ആക്രോശിച്ച് ഓടിയെത്തും. നെൽവയലുകൾ ചവിട്ടിമെതിക്കുകയും തെങ്ങുകൾ കുത്തിമറിക്കുകയും ചെയ്തു. ചക്കയും മാങ്ങയും തിന്നാൻ വീടുകളിലെത്തിയ ഒറ്റയാൻ മരങ്ങൾ കടപുഴക്കിയെറിയുകയും മതിലുകൾ ഇടിച്ച് വീഴ്ത്തുകയും ചെയ്തു. നിരവധി പശുക്കളെ ആക്രമിച്ചു. ചെല്ലൻ കാവിലെ കർഷകനായ സുന്ദരന് ഒറ്റയാൻ ആക്രമണത്തിൽ പരിക്കേറ്റു. അന്ന് വനം വകുപ്പിന്റെ പാലക്കാട് നിന്നും വന്ന പ്രത്യേക ടീമും പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിച്ച് ഒരു ദിവസം മുഴുവൻ നടത്തിയ പ്രയത്നത്തിന് ഒടുവിലാണ് ഒറ്റയാനെ കാട്ടിലേക്ക് കയറ്റിയത്. പിന്നീട് കുറെ നാൾ ഒറ്റയാനെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ നാട്ടുകാരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് ഒറ്റയാൻ കഴിഞ്ഞ ദിവസം വീണ്ടും എത്തിയത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘം ചേർന്ന് പടക്കം പൊട്ടിച്ചും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിർത്തും ആനയെ വനം അതിർത്തിയിലെത്തിച്ചു. ഒരു രാത്രി പിന്നിട്ടതും ഒറ്റയാൻ തിരിച്ചെത്തിയിരിക്കുകയാണ്. ഒറ്റയാൻ രോഷാകുലനും അസ്വസ്ഥനുമാണെന്ന് ശരീരഭാഷ വ്യക്തമാക്കുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം ഓടിച്ചതിന്റെയും റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതിന്റെയും അസ്വസ്ഥതയാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ആനം അൽപ്പം ശാന്തനായതിന് ശേഷം വനാതിർത്തിയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |