തിരുവനന്തപുരം: സ്‌കൂൾ പാചകത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ കെ.ടി.ഡി.സിയുടെ സഹകരണത്തോടെ പി.എം പോഷൺ - പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ പാചകത്തൊഴിലാളി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫോർട്ടിഫൈഡ് അരിയും മില്ലറ്റും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങൾ തയ്യാറാക്കുന്നതും പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് രുചികരമായ കറികൾ തയ്യാറാക്കുന്നതും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ പരിശീലനവും നൽകും. പാചകത്തൊഴിലാളികളുടെ ആവശ്യങ്ങൾ നേരിൽ കേട്ട മന്ത്രി, അവ പരിഗണിക്കാമെന്ന് വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ സി.എ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ബിന്ദു ആർ,ഉച്ചഭക്ഷണ വിഭാഗം സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ എന്നിവർ പങ്കെടുത്തു. ജില്ലയിലെ സ്‌കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത 30 മാസ്റ്റർ ട്രെയിനർമാർ പരിശീലനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |