ശിവഗിരി : ജീവിതത്തെ നേരാംവണ്ണം നയിക്കുവാൻ ഗുരുക്കന്മാരുടെ മാർഗം വഴികാട്ടുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ അഭിപ്രായപ്പെട്ടു. ഗുരുധർമ്മപ്രചരണസഭയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണഗുരു ദിവ്യസത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ശ്രീനാരായണ ഗുരുദേവനും സ്വാമി വിവേകാനന്ദനും രമണ മഹർഷിയും ചട്ടമ്പിസ്വാമിയും ഉൾപ്പെടെയുള്ള ഗുരുക്കന്മാർ മനുഷ്യജീവിതത്തെ നന്മയിലേക്ക് നയിക്കാൻ ജീവിതം ഒഴിഞ്ഞു വച്ചവരായിരുന്നു. ഈശ്വര വിശ്വാസത്തോടൊപ്പം ധനാഭിവൃത്തിയും ഉണ്ടാകണമെന്ന് ഗുരുദേവൻ ഉപദേശിച്ചു. വ്യവസായം ചെയ്ത് അഭിവൃദ്ധി നേടാൻ ഗുരു പഠിപ്പിച്ചു. ശിവഗിരിയിൽ നെയ്ത്തുശാല ആരംഭിച്ച ഗുരുദേവൻ വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും ഈശ്വര ഭക്തിക്കുമൊപ്പം കൃഷിയും കച്ചവടവും തുടങ്ങി സാങ്കേതിക പരിശീലനം വരെ മനുഷ്യ ജീവിത പുരോഗതിക്കാവശ്യമെന്ന് കണ്ടെത്തി. ഈ വിധം ലോകത്തോട് പറഞ്ഞ മറ്റൊരു ഗുരു ഇന്നോളം അവതരിച്ചിട്ടില്ലെന്നും വിശാലാനന്ദ സ്വാമി പറഞ്ഞു.
ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ. ടി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ദേശികാനന്ദയതി, സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഒ ഡോ. സനൽകുമാർ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭാ പ്രസിഡന്റ് ഡോ.അനിത ശങ്കർ, യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. കായംകുളം വിമല ഗുരുസ്മരണ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |