കൊച്ചി: സൗദി ആരാംകോ എണ്ണക്കമ്പനിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ക്രൂഡോയിൽ വില കത്തിക്കയറിയത് ഇന്ത്യൻ ഓഹരി സൂചികകളെ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് വീഴ്‌ത്തി. 642 പോയിന്റിടിഞ്ഞ് സെൻസെക്‌സ് 36,481ലും 185 പോയിന്റ് താഴ്‌ന്ന് നിഫ്‌റ്റി 10,817ലുമാണ് വ്യാപാരാന്ത്യമുള്ളത്.
എണ്ണ വിലക്കയറ്റത്തിന്റെ പശ്‌ചാത്തലത്തിൽ ആഗോള ഓഹരികളിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം ഇടിഞ്ഞതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. വിലക്കയറ്റം ഇന്ത്യയുടെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കൂടാനിടയാക്കുമെന്ന വിലയിരുത്തലുകളും തിരിച്ചടിയായി. അമേരിക്ക-ചൈന വ്യാപാരയുദ്ധം, 17 മാസത്തെ താഴ്‌ചയിലേക്ക് പതിച്ച ചൈനയുടെ വ്യാവസായിക വളർച്ച, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിച്ചേക്കുമെന്ന സൂചന എന്നിവയും ആഗോളതലത്തിൽ ഓഹരികളെ നഷ്‌ടത്തിലേക്ക് വീഴ്‌ത്തി.
വാഹന ഓഹരികളുടെ മോശം പ്രകടനവും സൂചികകളെ തളർത്തുന്നുണ്ട്. ഹീറോ മോട്ടോർകോർപ്പ്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവയും മറ്റു പ്രമുഖ ഓഹരികളായ ടാറ്റാ സ്‌റ്റീൽ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമാണ് ഇന്നലെ നഷ്‌ടത്തിന് നേതൃത്വം നൽകിയത്.
രൂപയ്‌ക്കും തളർച്ച
ഓഹരികളിൽ നിന്നുള്ള വിദേശ നിക്ഷേപ ഇടിവും എണ്ണ വിലക്കയറ്റത്തിന്റെ പശ്‌ചാത്തലത്തിൽ ഡോളർ ശക്തിപ്പെടുന്നതും രൂപയെ വലയ്‌ക്കുന്നു. ഇന്നലെ 18 പൈസ ഇടിഞ്ഞ് 71.78ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ മാത്രം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 800 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
ചോർന്നത് ₹2.72 ലക്ഷം കോടി
കഴിഞ്ഞ രണ്ടു വ്യാപാരദിനത്തിലായി സെൻസെക്‌സിലെ നിക്ഷേപകർക്കുണ്ടായ നഷ്‌ടം 2.72 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 142.42 ലക്ഷം കോടി രൂപയിൽ നിന്ന് 139.70 ലക്ഷം കോടി രൂപയായി താഴ്‌ന്നു.
താഴേക്കിറങ്ങി ക്രൂഡ് വില
തിങ്കളാഴ്‌ച റെക്കാഡ് ഏകദിന കുതിപ്പ് നടത്തിയ രാജ്യാന്തര ക്രൂഡോയിൽ വില ഇന്നലെ നഷ്‌ടത്തിലേക്ക് വീണു. ഡ്രോൺ ആക്രമണമുണ്ടായ അബ്‌ഖൈഖ്, ഖുറൈസ് എന്നീ എണ്ണശാലകളിൽ പ്രതീക്ഷിച്ചതിലും വേഗം ഉത്‌പാദനം പുനരാരംഭിക്കുമെന്ന സൗദിയുടെ വാദമാണ് വിലയിറക്കത്തിന് വഴിയൊരുക്കിയത്. തിങ്കളാഴ്‌ച ബാരലിന് 71.95 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ 63.63 ഡോളറായി താഴ്‌ന്നു. യു.എസ്. ക്രൂഡ് വില 63.34 ഡോളറിൽ നിന്ന് 59.29 ഡോളറിലുമെത്തി.
പെട്രോൾ, ഡീസൽ വില ഉയർന്നു
തിങ്കളാഴ്‌ചയിലെ ക്രൂഡ് വിലവർദ്ധനയുടെ ചുവടുപിടിച്ച് ഇന്നലെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോൾ വില 75.41 രൂപയിൽ നിന്നുയർന്ന് 75.55 രൂപയായി. ഡീസൽ വില 70.44 രൂപയിൽ നിന്ന് 70.60 രൂപയായും (ഐ.ഒ.സി - തിരുവനന്തപുരം) വർദ്ധിച്ചു. കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കപ്പെട്ട ജൂലായ് 5ന് ശേഷം ഇന്ധനവില കുറിക്കുന്ന ഏറ്രവും ഉയർന്ന നിരക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |