മൂന്നു മാസത്തിനിടെ 9 മരണം
കോഴിക്കോട്: ഒരു നിമിഷത്തെ അശ്രദ്ധ മൂലം ജലാശയങ്ങളിൽ പൊഴിയുന്നത് നിരവധി ജീവനുകളാണ്. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലായി ഒൻപത് പേരാണ് ജില്ലയിലെ വിവിധയിടങ്ങളിലായി ജലാശയങ്ങളിൽ മുങ്ങിമരിച്ചത്.
അപകടത്തിൽ പെടുന്നവരിലധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. ഇന്നലെ രാവിലെ കുറ്റിച്ചിറ കുളത്തിൽ വീണ് 17 വയസുകാരനായ കപ്പക്കൽ സ്വദേശി മുഹമ്മദ് യഹിയ ബിൻ അഷ്റഫിന് ജീവൻ നഷ്ടമായി. 65 പേരുടെ ജീവനാണ് കഴിഞ്ഞ വർഷം ജില്ലയിൽ വിവിധ ജലാശയങ്ങളിലായി പൊലിഞ്ഞത്. 2023 ൽ 57 പേരും മുങ്ങിമരിച്ചു. മേയ് 13 ന് പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരം അലങ്ങാപ്പൊയിലിൽ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് അബൂബക്കർ (8), ജൂൺ 14 ന് മാറാട് പൊന്നത്ത് ഹൗസിൽ സൻജയ് രാജ് (24), ജൂൺ 17 ന് അന്നശ്ശേരി കൊളങ്ങരത്ത് താഴത്ത് നക്ഷത്ര (3), ജൂൺ 19 ന് വടകര താഴെങ്ങാടി സഹൽ (14), ജൂലായ് രണ്ടിന് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി എൻ.പി ആബിദ് (17), ജൂലായ് 10 ന് ബാലുശ്ശേരി കിനാലൂരിൽ കളരിപ്പൊയിൽ അശ്വിൻ മോഹൻ (30), ജൂലായ് 12 ന് കൊടുവള്ളി വെണ്ണക്കോട് അയനിക്കുന്നുമ്മൽ മുഹമ്മദ് നാജിൽ (18) എന്നിവരാണ് കഴിഞ്ഞ മുന്നുമാസങ്ങളിൽ മുങ്ങിമരിച്ചത്. പൊതുകുളങ്ങളിലും പുഴയിലും നീന്താനിറങ്ങിയവരായിരുന്നു അധികവും.
കുറ്റിച്ചിറയിൽ വേണം സുരക്ഷാ സംവിധാനങ്ങൾ
ഇന്നലെ രാവിലെ കുറ്റിച്ചിറ കുളത്തിൽ നീന്താനിറങ്ങിയ പതിനേഴ് വയസുകാരന് ജീവൻ നഷ്ടമായത് ഏവരെയും ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. നീന്തൽ വശമുള്ള കുട്ടിയായിരുന്നു മുഹമ്മദ് യഹിയ ബിൻ അഷ്റഫ്. കുളത്തിന്റെ ഒരു വശത്തുനിന്നും മറ്റൊരു വശത്തേക്ക് നീന്തുന്നതിനിടെ പെട്ടെന്ന് മുങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികളും പറഞ്ഞു. ദിനം പ്രതി നൂറുകണക്കിനാളുകൾ നീന്താനായി ഇവിടെ എത്താറുണ്ട്. രണ്ട് ട്രെയിനർമാരുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനവും ഇവിടെ നടക്കാറുണ്ട്. ദിവസവും ഇത്രയും പേരെത്തുന്ന കുളത്തിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലെന്നാണ് നാട്ടുകാരുടെയും പ്രദേശത്തെ കച്ചവടക്കാരുടെയും ആക്ഷേപം.
പരിചയമില്ലാത്തിടത്ത് ഇറങ്ങരുത്
നീന്തലിൽ വെെദഗ്ധ്യമുള്ളവർ പോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും. മഴക്കാലമായതോടെ ജലശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ ജലാശയങ്ങളിൽ വേലിയും ചുറ്റുമതിലും കെട്ടി സുരക്ഷ ഉറപ്പാക്കത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലെ ജലാശയങ്ങൾ കണ്ടെത്തി സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുന്നതിനും പ്രാധാന്യം നൽകണം. നീന്തൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഇത് വരെ നടപ്പാക്കിയിട്ടില്ല. ജീവൻ രക്ഷാ മാർഗമെന്ന നിലയിൽ എല്ലാവരും നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |