കൊച്ചി: മൈസൂർ-കൊച്ചുവേളി എക്‌സ്‌പ്രസ് ട്രെയിനിലെ ജനറൽ കോച്ചിൽ ഉറങ്ങിക്കിടന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവർന്ന മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിലായി. തമിഴ്നാട് വേളൂർ പെരനംപെട്ട് ജെ.ജെ നഗറിൽ സെബാസ്റ്റ്യനെയാണ് (25) ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി പെരുമാൾ ജയരാജൻ, തിരുവണ്ണമല ശിങ്കാരപ്പെട്ടി സ്വദേശി എമർവേൽ എന്നിവരുടെ മൊബൈൽ ഫോണുകളാണ് കവർന്നത്. പെരുമാളിന്റെ ഫോൺ ആലുവ സ്റ്റേഷൻ എത്താറായപ്പോഴും എമർവേലിന്റെ ഫോൺ ഇടപ്പള്ളി പിന്നിട്ടപ്പോഴും നഷ്ടമായി. എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയപ്പോഴാണ് ആർ.പി.എഫിൽ വിവരം അറിയിച്ചത്. പ്ലാറ്റ്‌ഫോമിൽ സംശയകരമായി കാണപ്പെട്ട സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ ഫോണുകൾ കണ്ടെത്തുകയായിരുന്നു. എറണാകുളം റെയിൽവേ എസ്.ഐ ഇ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |